v

വെഞ്ഞാറമൂട്: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്രിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു.

മേലാറ്റുമൂഴി കരിങ്കുറ്റിക്കര കല്ലുവെട്ടാൻകുഴി വീട്ടിൽ ബിജുവാണ് (40) കിണറ്റിൽ കുടുങ്ങിയത്. കിണറ്റിലിറങ്ങിയ ബിജു എറെ നേരം കഴിഞ്ഞിട്ടും തിരികെ കയറാത്തതിനെ തുടർന്ന് സമീപവാസികൾ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് യുവാവിനെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പൂച്ചയേയും രക്ഷിക്കാതെ കിണറ്രിൽ നിന്ന് കയറില്ലെന്ന വാശിയിലായിരുന്നു ഇയാൾ.

മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ യുവാവിനെയും പൂച്ചയേയും വലയും കയറും ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു. ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസി. സ്റ്റേഷൻ ഓഫിസർ നസീർ,​ സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ അജിത്കുമാർ,​ ബി.എസ്. അജീഷ്‌കുമാർ, എം.ജി. നിഷാന്ത്, എസ്. ബിനുകുമാർ,​ അരുൺ എസ്. കുറുപ്പ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.