തിരുവനന്തപുരം: ക്വാറികൾ കാരണം പാരിസ്ഥിതിക പ്രശ്നം രൂക്ഷമായതിനാൽ പുതിയ ലൈസൻസ് നൽകരുതെന്ന് ഇതുസംബന്ധിച്ച നിയമസഭാസമിതി ശുപാർശ ചെയ്തു. നിലവിൽ 723 ക്വാറികൾക്കാണ് സംസ്ഥാനത്ത് ലൈസൻസുള്ളത്. ലൈസൻസ് വ്യക്തികൾക്ക് നൽകുന്നതിന് പകരം ഇവയുടെ പൂർണ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. അതിന് അനുസൃതമായ പുതിയ ഖനനനയം ആവിഷ്‌കരിക്കണമെന്നും ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 32 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
പ്രധാന ശുപാർശകൾ
1. നാശനഷ്ടത്തിനുള്ള പരിഹാരം ക്വാറി പെർമിറ്റ് നൽകുമ്പോൾ തന്നെ ഇൗടാക്കണം
2. അനധികൃത ഖനനത്തിന് പരസ്യവിപണിക്ക് തുല്യമായ തുക ഇൗടാക്കണം.
3. ക്വാറികൾ നിരീക്ഷിക്കുന്നതിന് ഡ്രോൺ, ജിപി.എസ് മാപ്പിംഗ് ഏർപ്പെടുത്തണം
4. ക്വാറികളിൽ നിന്ന് ജനവാസകേന്ദ്രത്തിലേക്കുള്ള ദൂരം 200 മീറ്ററാക്കണം.
5. പരിസ്ഥിതി ഉത്തരവാദിത്വതുക രണ്ടു ശതമാനത്തിൽ നിന്ന് കൂട്ടണം.
6. പരിസ്ഥിതി ക്ളിയറൻസ് കാലാവധി അഞ്ചുവർഷത്തിൽ നിന്ന് കുറയ്‌ക്കണം.