തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആരോപണനിഴലിലായ സ്പീക്കറെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എം. ഉമ്മർ കൊണ്ടുവന്ന പ്രമേയ നോട്ടീസ് നിയമസഭ പരിഗണിച്ചില്ല. അവിശ്വാസപ്രമേയത്തിന് സഭയുടെ അംഗീകാരം തേടിയപ്പോൾ തന്നെ സ്പീക്കറെ മാറ്റാനുള്ള പ്രമേയവും പരിഗണിക്കണമെന്ന് ഉമ്മറും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഭരണഘടനാപരമായ വ്യവസ്ഥ മാറ്റിമറിക്കാൻ താൻ അശക്തനാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
സഭാസമ്മേളനം ചേരുന്നതിന് 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചിരുന്നെങ്കിൽ സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ നോട്ടീസ് വേണമെന്ന വ്യവസ്ഥ തങ്ങൾക്കും പാലിക്കാനാകുമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സ്പീക്കർക്കെതിരായ പ്രമേയം നേരത്തേ തന്നെ നിയമസഭാ ബുള്ളറ്റിൽ ഉൾപ്പെടുത്തിയിരുന്നതാണ്. ആ സാഹചര്യത്തിൽ അതുകൂടി ഇപ്പോൾ പരിഗണിക്കണം. നിയമസഭാസമ്മേളനം ചേരുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി താനുമായി ചർച്ച നടത്തിയിരുന്നു. തങ്ങൾക്ക് അവിശ്വാസത്തിനും സ്പീക്കർക്കെതിരായ പ്രമേയത്തിനും അവസരം നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. സ്പീക്കർ എന്ന വലിയ ഭരണഘടനാപദവിയുടെ അന്തസ്സും ഔന്നത്യവും ഇല്ലാതാക്കുന്ന പ്രവർത്തനമാണ് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തിൽ പ്രമേയം ചർച്ച ചെയ്യുന്നതുവരെ സ്പീക്കർസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. താൻ നൽകിയ നോട്ടീസ് ജൂലായ് 27ന് തന്നെ ബുള്ളറ്റിനായി നിൽക്കുന്നുണ്ടെന്നും അതിനാൽ പരിഗണിക്കണമെന്നും എം. ഉമ്മറും ആവശ്യപ്പെട്ടു.
സഭാ അദ്ധ്യക്ഷനെതിരായ ആരോപണങ്ങൾക്കും തന്നെ എതിർക്കുന്നതിനുമൊന്നും താൻ എതിരല്ലെന്ന് സ്പീക്കർ പറഞ്ഞു. ഭരണഘടനാപ്രകാരം സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ സമയം വേണം. വിമർശിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കേണ്ടതുപോലെ തന്നെ ഭരണഘടനയും സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ട്. സഭാസമ്മേളനം വിളിക്കാൻ 15 ദിവസത്തെ നോട്ടീസ് വേണമെന്നുള്ളത് അടിയന്തര സാഹചര്യത്തിൽ മാറ്റാനും ഓൺലൈനിലൂടെ അറിയിച്ച് സഭ ചേരാനുമുള്ള ചട്ടഭേദഗതി ഉണ്ടായിട്ടുണ്ട്. ഭരണഘടനാവ്യവസ്ഥ മാറ്റാൻ തനിക്ക് കഴിയില്ല. പ്രതിപക്ഷം എന്തുന്നയിക്കുന്നതിലും പ്രശ്നമില്ല. തനിക്കുൾഭയമില്ല. ഇതൊക്കെ ചർച്ചയാക്കാൻ പറയുന്നതാണെന്നറിയാമെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കർക്കെതിരായ ദുസ്സൂചനയുള്ള പരാമർശം സഭാരേഖകളിൽ നിന്നൊഴിവാക്കണമെന്ന് മന്ത്രി ബാലൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് സംസാരിച്ച് തന്നെയാണ് സഭാസമ്മേളനം വിളിച്ചത്. 15 ദിവസത്തെ നോട്ടീസ് വേണമെന്ന വ്യവസ്ഥ കെ. രാധാകൃഷ്ണൻ സ്പീക്കറായിരിക്കെ മാറ്റിയിട്ടുണ്ട്. എന്നാൽ ഭരണഘടനാപരമായ വ്യവസ്ഥകൾ മാറ്റാൻ സ്പീക്കർ വിചാരിച്ചാൽപോലും കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.