തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡ് നിർമ്മാണത്തിൽ ഗുണപരിശോധന മതിയായ രീതിയിൽ നടത്തിയില്ലെന്ന് സി.എ.ജി റിപ്പോർട്ടിൽ വിമർശനം. 2015-16 മുതൽ 2017-18വരെയുള്ള പെർഫോമൻസ് ഓഡിറ്രിലാണ് വിമർശനം.
15 ലക്ഷത്തിന് മുകളിൽ എസ്റ്രിമേറ്റുള്ള റോഡുകളിൽ 37 വിധത്തിലുള്ള ഗുണപരിശോധനകൾ നടത്തണമെന്നാണ് ചട്ടം. എന്നാൽ 784.73 കോടി രൂപ ചെലവ് വരുന്ന 225 പ്രവൃത്തികൾ പരിശോധിച്ചപ്പോൾ 355.13 കോടി വരുന്ന 99 പ്രവൃത്തികളിൽ നാലുതരം ടെസ്റ്രുകളേ നടത്തിയുള്ളൂ. 663.51 കോടി ചെലവ് വരുന്ന ഏഴ് പ്രവൃത്തികളിൽ ഇത് കൂടാതെ സി.ബി.ആർ വാല്യൂ, അബ്സോർപ്ഷൻ ടെസ്റ്ര് തുടങ്ങിയ ടെസ്റ്രുകൾ കൂടിയേ നടത്തിയുള്ളൂ. 366.99 കോടി രൂപ ചെലവുള്ള 119 പ്രവൃത്തികളിലാവട്ടെ നിലവാരമുള്ള ടെസ്റ്രുകളൊന്നും നടത്തിയതുമില്ല.
101.69 കോടി രൂപയ്ക്ക് മുകളിലുള്ള 92 പ്രവൃത്തികളിൽ ഏഴെണ്ണത്തിലേ ഫീൽഡ് ലബോറട്ടറികൾ സ്ഥാപിച്ചുള്ളൂ. എല്ലാ ബി.എം ആൻഡ് ബി.സി റോഡ് പ്രവൃത്തികളും ജോബ് മിക്സ് ഫോർമുല പ്രകാരമാണ് നിർമ്മിക്കേണ്ടത്. ഓരോന്നിനും പ്രത്യേകം ഫോർമുല ഉണ്ടാക്കുന്നതിന് പകരം മറ്രൊന്നിന്റെ ഫോർമുല ആവർത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുന്നു. പി.ഡബ്ളിയു.ഡി മാന്വൽ പ്രകാരം വകുപ്പ് വഴി നടത്തുന്ന ജോലികളെല്ലാം അംഗീകൃത ലാബുകളിൽ പരിശോധിച്ചിരിക്കണം. ഇതിന്റെ ചെലവ് കരാറുകാരൻ വഹിക്കണം.ടെസ്റ്റുകളുടെ ഫലത്തിൽ സംശയം തോന്നുകയോ വ്യത്യാസം വരികയോ ചെയ്യുകയാണെങ്കിൽ മൂന്നാംകക്ഷിയുടെ പരിശോധന നടത്തണം. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഇതിനായി ഏതെങ്കിലും ലാബുകളെ അംഗീകരിച്ച് എം.പാനൽ ചെയ്തിട്ടില്ല. ഇതുമൂലം റോഡുകളുടെ ശരിയായ ഗുണപരിശോധന നടക്കുന്നില്ല.
പരിശോധനയില്ലാതെ
ബില്ലുകൾ പാസാക്കി
വകുപ്പ് ജീവനക്കാരുടെ മതിയായ മേൽനോട്ടം നടക്കുന്നില്ലെന്നും വിമർശനമുണ്ട്. ഗുണനിലവാര പരിശോധന വേണ്ട രീതിയിൽ നടന്നോ എന്ന് പരിശോധിക്കാതെയാണ് 282 പ്രവൃത്തികളിലെ 595.23 കോടി രൂപയുടെ ബില്ളുകൾ പാസാക്കിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ്, റോഡ് ഗതാഗത മന്ത്രാലയം എന്നിവയുടെ മാന്വൽ പ്രകാരമുള്ള റോഡ് അറ്രുകറ്രപ്പണികൾ നടക്കുന്നില്ല. പരിശോധന നടത്തിയ നാല് റോഡ് ഡിവിഷനുകളിൽ മൂന്നിടത്തും റോഡ് ചാർട്ടുകളില്ല. ഇതുമൂലം പലയിടത്തും വർഷങ്ങളായി അറ്രകുറ്രപ്പണികൾ നടക്കുന്നില്ല. അതേസമയം ചിലയിടത്ത് പണി നടത്തിയ സ്ഥലങ്ങളിൽ തന്നെ വീണ്ടും പണി നടത്തി. കുഴികൾ അടയ്ക്കുന്നതിന് ബിറ്രുമിൻ ബൈൻഡർ ഇല്ലാതെ 36 എം.എം കല്ലുകൾ മാത്രം ഉപയോഗിച്ചു. കരാറുകാർ റോഡ് മെയിന്റനൻസ് നടത്തേണ്ട നിശ്ചിത കാലപരിധിക്കുള്ളിൽ തന്നെ പണം കൊടുത്ത് അധികൃതർ ഈ വർക്ക് ചെയ്യിച്ചു. കോഴിക്കോട് നോർത്ത് സർക്കിളിൽ ഈ സമയപരിധിക്കുള്ളിൽ അറ്രകുറ്രപ്പണി ചെയ്യാൻ സൂപ്രണ്ടിംഗ് എൻജിനിയർ നിർദ്ദേശിച്ചിട്ടും കരാറുകാരൻ ചെയ്തില്ല. ഈ കരാറുകാരനിൽ ചെലവിന്റെ തുക തിരിച്ചുപിടിക്കുമെന്ന് പറഞ്ഞിട്ടും അത് നടന്നില്ല.