s-sharma-

തിരുവനന്തപുരം: ജനപിന്തുണ നഷ്ടപ്പെട്ട യു.ഡി.എഫിന് പിണറായി സർക്കാരിനെ വിചാരണ ചെയ്യാൻ അവകാശമില്ലെന്ന് അവിശ്വാസപ്രമേയത്തെ എതിർത്ത് സംസാരിച്ച എസ്. ശർമ്മ പറഞ്ഞു.

സ്വർണക്കടത്ത് പുറത്തുവന്നത് മുതൽ വ്യാജ ആരോപണങ്ങളുന്നയിച്ച് സർക്കാരിനെതിരെ പ്രചരണം നടത്താനാണ് ശ്രമം. സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യം ആവശ്യപ്പെട്ടവരോട് സർക്കാർ പറഞ്ഞത് രണ്ട് മാസത്തേത് കൈവശമുണ്ടെന്നും ബാക്കിയുള്ളത് ശേഖരിച്ചുവച്ചിട്ടുണ്ടെന്നുമാണ്. അല്ലാതെ, ശേഖരിക്കാറില്ലെന്നോ ലൈവ് മാത്രമേയുള്ളൂവെന്നോ ഒക്കെയുള്ള പഴയ പല്ലവിയല്ല. സ്വർണക്കടത്തിൽ ഉചിതമായ അന്വേഷണത്തിന് മുഖ്യമന്ത്രിയാണാവശ്യപ്പെട്ടത്. കേസന്വേഷിക്കുന്ന മൂന്ന് ഏജൻസികളും പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനം ചെലുത്തിയെന്ന് പറഞ്ഞിട്ടില്ല.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിരവധി അവതാരങ്ങളുടെ മദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെന്ന് അവിശ്വാസപ്രമേയത്തെ പിന്തുണച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് മാദ്ധ്യമപ്രവർത്തകരെയടക്കം കുറ്റപ്പെടുത്തുന്നത്. ഒന്നാം റാങ്കുകാരന് പോലും നിയമനം നൽകുന്നില്ലെങ്കിൽ പി.എസ്.സി പിരിച്ചുവിടണം. . ജനങ്ങൾക്ക് മേൽ കുതിര കയറുന്നതല്ല ഭരണം. കൂടുതൽ കുഴപ്പത്തിലാവുമെന്ന് കരുതിയാണ് സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് നൽകാൻ സർക്കാർ മടിക്കുന്നത്

ആരോപണവുമായി

ജെയിംസ് മാത്യു

സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച വി.ഡി. സതീശൻ പ്രളയ പുനരധിവാസത്തിന്റെ പേരിൽ മണ്ഡലത്തിൽ വീട് വച്ച് നൽകുന്ന പുനർജനി പദ്ധതിക്കായി ബർക്കിംഗ്ഹാമിൽ പോയി 500 ഡോളർ വീതം ആവശ്യപ്പെട്ടെന്ന് ജെയിംസ് മാത്യു പറഞ്ഞു. 81 തവണ സതീശൻ വിദേശയാത്ര നടത്തിയെന്ന് ആരോപിച്ച അദ്ദേഹം തെളിവായി ഒരു സി.ഡി ഉയർത്തിക്കാട്ടി.

നിഷേധിച്ച് സതീശൻ

പദ്ധതിക്കായി വിദേശത്ത് നിന്ന് പണം പിരിച്ചിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. വിദേശ മലയാളികളടക്കം ചിലർ നിശ്ചിത എണ്ണം വീടുകൾ വച്ചുനൽകിയിട്ടുണ്ട്. താൻ ജീവിതത്തിലിന്നു വരെ നടത്തിയ യാത്രകളെല്ലാം ചേർത്താലും 81ന്റെ പകുതി പോലും വരില്ല. എല്ലാ പാസ്പോർട്ടുകളും മുഖ്യമന്ത്രിക്ക് നൽകാം.. വേണമെങ്കിൽ വിജിലൻസ് അന്വേഷണം നടത്തൂ- സതീശൻ പറഞ്ഞു. .