തിരുവനന്തപുരം: സ്വിസ് കമ്പനിയായ ഹെസുമായി ചേർന്നുള്ള ഇ-ബസ് നിർമ്മാണ പദ്ധതി വൻ അഴിമതിയെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ടെൻഡറില്ലാതെ ഹെസ് എങ്ങനെ കേരളത്തിലെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ചോദിച്ചു. കൺസൾട്ടന്റുമാരുടെ യോഗത്തിൽ ഹെസ് എങ്ങനെ പങ്കെടുത്തു? ഹെസിനായി കരാർ രൂപപ്പെടുത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ കൊച്ചിയിലെ നിക്ഷേപസംഗമത്തിലാണ് ഹെസിന്റെ കരട് ധാരണാപത്രം ഉണ്ടായതെന്നും പിന്നീട് പരസ്യം നൽകിയിട്ടും ഇ-വാഹന നിക്ഷേപത്തിന് ആരും മുന്നോട്ടുവന്നില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. നിക്ഷേപത്തിന് തയ്യാറായി വരുന്നവരെ ആട്ടിപ്പായിക്കരുത്. പ്രധാന കമ്പനികൾ വന്നാലേ ഇവിടെ ഇ-വാഹനമുണ്ടാക്കാനാവൂ. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.
2025നകം മൂവായിരം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. വില ഉപഭോക്താക്കൾക്ക് താങ്ങുന്നതാവണം. അതിനായി തോഷിബ കമ്പനിയെ ബാറ്ററി നിർമ്മാണത്തിന് കൊണ്ടുവരാൻ ശ്രമിക്കുന്നു. 51ശതമാനം ഹെസിനും 49ശതമാനം കെ.എ.എല്ലിനും ഓഹരിപങ്കാളിത്തമുള്ള സംയുക്ത സംരംഭത്തിലൂടെ ഇലക്ട്രിക് വാഹനമുണ്ടാക്കും.
കേരളത്തിൽ മുതൽമുടക്കാൻ ഹെസ് തയ്യാറായി. ബസ് പോർട്ട്, ലോജിസ്റ്റിക് പോർട്ട്, ഇ- മൊബിലിറ്റി എന്നിവയ്ക്കായി കൺസൾട്ടന്റുമാരെ നിയമിച്ചു. കേന്ദ്രം എംപാനൽ ചെയ്ത ഏജൻസികളെയാണ് കൺസൾട്ടന്റാക്കിയത്. നാടിന്റെ താത്പര്യം വ്യതിചലിക്കുന്നതല്ല ഇതൊന്നും. ധാരണാപത്രം ഇതുവരെ ഒപ്പിട്ടിട്ടില്ല. ഫയലുകളിലെ കുറിപ്പുകൾ മാത്രം ഉദ്ധരിച്ച് ആരോപണമുന്നയിക്കുകയാണ് പ്രതിപക്ഷം.