വിതുര: ആദിവാസി മേഖലയെ വിറപ്പിച്ച് ഒറ്റയാന്റെ താണ്ഡവം തുടരുന്നതിനാൽ പകൽ സമയത്തു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. വിതുര പഞ്ചായത്തിലെ ചാത്തൻകോട്, ചെമ്മാൻ കാല, അടിപറമ്പ്, ജഴ്സി ഫാം, കത്തിപ്പാറ, പേപ്പാറ, പൊടിയക്കാല, കുട്ടപ്പാറ മേഖലകളിലാണ് ഒറ്റയാൻ ഭീതിയും നാശവും പരത്തി വിഹരിക്കുന്നത്. പ്രദേശത്തെ കൃഷി മുഴുവൻ നശിപ്പിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ ആദിവാസികളെ ആന ആക്രമിക്കാനും ശ്രമിച്ചു. പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആദിവാസി മേഖലക്ക് പുറമേ നാട്ടിൻപുറങ്ങളിലും ഒറ്റയാൾ ഇറങ്ങി കൃഷി നാശം വിതയ്ക്കുന്നുണ്ട്. പേപ്പാറ ഡാം സന്ദർശിക്കാനെത്തിയ യുവ സംഘത്തെയും ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു. ഒറ്റയാന്റെ ശല്യം തുടങ്ങിയിട്ട് ഒരു മാസമായെന്നും ഇതു സംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും ആദിവാസികൾ പറയുന്നു. രാത്രിയിൽ ഒറ്റയാൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ വിവരണാതീതമാണ്. കൃഷി നാശിപ്പിക്കുന്നതിനു പുറമേ ഉച്ചത്തിൽ ചിന്നം വിളിക്കുന്നതു കാരണം ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.