കാട്ടാക്കട: ഇത്തവണത്തെ നിയന്ത്രണങ്ങളുടെ ഓണ വിപണിയിൽ ഏറെ പ്രതിസന്ധിയിലായത് ഗ്രാമീണ മേഖലകളിലെ പൂക്കച്ചവടക്കാരാണ്. മറ്റു മേഖലയിലുള്ളവർ ജീവിതം കരുപ്പിടിപ്പിക്കാൻ വിവിധ മാർഗങ്ങൾ തേടിയെങ്കിലും പൂവിനെ മാത്രം ആശ്രയിച്ചുപോന്ന ഇക്കൂട്ടർ എന്തുചെയ്യുമെന്നറിയാതെ വലയുകയാണ്. ജില്ലയിൽ നിരവധി പേരാണ് ഈ മേഖലയിൽ സജീവമായുള്ളത്. ഇത്തവണത്തെ ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകൾ മാത്രമായതോടെ പലരും നിത്യവൃത്തിക്കുപോലും വഴിയില്ലാതെ ബുദ്ധിമുട്ടിലായി. പച്ചക്കറിയും പലവ്യഞ്ജനവും മറ്റും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുമ്പോഴും പൂവിന് ഏർപ്പെടുക്കുത്തിയ വിലക്ക് ഇവരെ ഈ ഓണക്കാലത്ത് ഏറെ ദുരിതത്തിൽ തള്ളിവിടുകയാണ്.ബാങ്ക് മൊറോട്ടോറിയം ഈ മാസത്തോടെ അവസാനിക്കും. ഇരു ചക്ര വാഹനങ്ങൾക്ക് പണം നൽകിയ കമ്പനികൾ കഴിഞ്ഞ മൂന്ന് മാസത്തോളമായി മൊറോട്ടോറിയാം പ്രഖ്യാപിച്ച നാളു മുതലുള്ള കിടിശിക ഒടുക്കാനുള്ള മുന്നറിയിപ്പുകൾ നൽകിത്തുടങ്ങി പണയം വച്ചതും വീട് ലോണുകളും തുടങ്ങി ബാദ്ധ്യതകൾ നിരവധിയാണ്. ഇത്തവണ അത്തപ്പൂക്കളം വീടുകൾളിൽ മാത്രമാകും. ഇതോടെ വലിയ തോതിലുള്ള പൂക്കച്ചവടവും നടക്കില്ല. അമ്പലങ്ങളിൽ പ്രവേശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൂവാങ്ങാൻ ഇപ്പോൾ ഭക്തരും ഇല്ല. ചെറു പൂക്കടകൾ മിക്കതും തുറന്നിരിപ്പാണെങ്കിലും ഉപഭോക്താക്കൾ ഇല്ലാത്തതിനാൽ വരുമാനം കുറവാണ്.