ബഹളം ഗണേശന്റെ പ്രസംഗത്തിന്റെ പേരിൽ
തിരുവനന്തപുരം: കേരള കോൺഗ്രസ്-ബി അംഗം കെ.ബി. ഗണേശ് കുമാറുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ഭരണ- പ്രതിപക്ഷ തർക്കം ഒരു വേള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നേർക്കുനേർ പോരടിക്കുന്ന നില വരെയെത്തി.
കോൺഗ്രസിലെ ഷാഫി പറമ്പിലിന്റെ പ്രസംഗത്തിൽ ഗണേശ് കുമാറിന്റെ പിതാവും കേരള കോൺഗ്രസ്-ബി ചെയർമാനുമായ ആർ. ബാലകൃഷ്ണപ്പിള്ളയെപ്പറ്റിയുണ്ടായ പരാമർശമാണ് തർക്കത്തിനാധാരം. പിള്ളയെ ശിക്ഷിക്കാൻ മുന്നിൽ നിന്നത് എൽ.ഡി.എഫാണെന്നാണ് ഷാഫി ആരോപിച്ചത്. ഇതിന് ഗണേശ് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തിൽ മറുപടി പറഞ്ഞതോടെയാണ് ബഹളമായത്.
ഗണേശിന് നേരെ പ്രതിപക്ഷത്തെ ഒരീൾ സീറ്റിൽ നിന്നെഴുന്നേറ്റ് പ്രകോപനപരമായി മുന്നോട്ടാഞ്ഞെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അംഗങ്ങൾക്ക് ഇവിടെ അഭിപ്രായം പറയാനാവില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ പ്രതിപക്ഷനേതാവും എഴുന്നേറ്റു. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ടെന്നും ഗണേശ് കുമാർ പ്രകോപനപരമായ പരാമർശം നടത്തിയതാണ് പ്രശ്നമുണ്ടാക്കിയതെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നേരെ വിരൽ ചൂണ്ടിപ്പറഞ്ഞു. ഗണേശന് നേരേ അനിൽ അക്കരെ പ്രത്യേക പരാമർശത്തോടെ ഓടിയടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വീഡിയോ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരോപണമുന്നയിച്ച സാഹചര്യത്തിൽ ,ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു.