കൂത്തുപറമ്പ്: സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. അറസ്റ്റിലായ ആറ് പേരെ കോടതി റിമാൻഡ് ചെയ്തു. മൂന്ന് കാറുകളും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉളിക്കൽ നുച്ചിയാട് സ്വദേശികളും സഹോദരങ്ങളുമായ കെ.സി സന്തോഷ്, കെ.സി സനീഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ സജീർ, ചിറ്റാരിപറമ്പിലെ പി.പി സജീർ, കോട്ടയം മലബാർ കൂവപ്പാടിയിലെ ടി.വി റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ റിനാസ് എന്നിവരാണ് റിമാന്റിലായത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കേസ്.
സന്തോഷും, സനീഷും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതിനാണ് കേസ്. ഇതിൽ മലപ്പുറം സ്വദേശികളായ 2 പേർ പരിക്കേറ്റ് തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം. സംഘർഷമുണ്ടാക്കിയതിന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. യുവാവും പരിക്കേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ടാഴ്ച മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിൽ നിന്നെത്തി കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിയേയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. യുവാവിന്റെ ഭാര്യ വീട് ഇരിട്ടിയിലാണെന്നും ഇയാൾക്ക് കൂത്തുപറമ്പിൽ ബന്ധുക്കൾ ഉള്ളതുമായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി ലോഡ്ജിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇതിനിടെ യുവാവിന്റെ ബന്ധുകളും സുഹൃത്തുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ലോഡ്ജിന് മുന്നിൽ വച്ച് സംഘർഷമുണ്ടാകുകയായിരുന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
സംഭവത്തിന് പിന്നിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. ക്വാറന്റൈനിൽ കഴിഞ്ഞ യുവാവ് വിദേശത്ത് നിന്ന് വരുമ്പോൾ സ്വർണ്ണം എത്തിച്ചിരുന്നു എന്നാണ് സൂചന. മലപ്പുറത്ത് നിന്നുള്ള സംഘമെത്തി ആവശ്യപ്പെട്ടിട്ടും സ്വർണം നൽകാത്തതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും മറ്റും പൊലീസ് അന്വേഷിച്ചു വരികയാണ്.