covid-19

തിരുവനന്തപുരം: തുടർച്ചയായ കൊവിഡ് രോഗികളുടെ കുതിപ്പുകൾക്കിടെ ഇന്നലെ തലസ്ഥാനത്ത് നേരിയ ആശ്വാസം.182 പേർക്കാണ് ജില്ലയിൽ പോസിറ്റീവായത്. ആഗസ്റ്റ് 18ന് മരണമടഞ്ഞ പഴയകട സ്വദേശി വരദൻ (67),ആഗസ്റ്റ് 21ന് മരണമടഞ്ഞ പാറശാല സ്വദേശിനി ലിബീസ് (70) എന്നിവരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 125പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചപ്പോൾ 32പേരുടെ ഉറവിടം വ്യക്തമായില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറുപേർക്കും രോഗം സ്ഥിരീകരിച്ചു.17 ആരോഗ്യ പ്രർത്തക‌ർക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കരമന സ്‌പെഷ്യൽ ജയിലിൽ 9പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. കരമന, കൈമനം,വിഴിഞ്ഞം,പൂവാർ,പൂവച്ചൽ,പട്ടം, അമരവിള,കുളത്തൂർ എന്നിവിടങ്ങളിലും പുതിയ രോഗികൾ ഉണ്ടായിട്ടുണ്ട്. മണക്കാട്, ചെമ്പഴന്തി, പൂവാർ,പരവൂർ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചുപേർക്ക് വീതം രോഗം കണ്ടെത്തി. പത്ത് വയസിനു താഴെയുള്ളള ഒൻപത് കുട്ടികളും 60 വയസിനു മുകളിലുള്ള 33 പേരും രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. അതേസമയം 170 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിൽ 5443 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.

ആകെ നിരീക്ഷണത്തിലുള്ളവർ -24,050
വീടുകളിൽ -19,514
ആശുപത്രികളിൽ -3,863
 കെയർ സെന്ററുകളിൽ -673
പുതുതായി നിരീക്ഷണത്തിലായവർ -887