സ്വർണക്കടത്തിൽ സർക്കാരിന് ബന്ധവുമില്ല ,ഇനി എല്ലാം ജനമദ്ധ്യത്തിൽ
തിരുവനന്തപുരം: സ്വർണക്കടത്തിൽ സർക്കാരിന് ഒരു ബന്ധവുമില്ലെന്നും,കുറ്റവാളികൾക്ക് സർക്കാർ സംരക്ഷണം നൽകില്ലെന്നും അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സ്വർണക്കടത്തിലെ പ്രതികളെല്ലാം നിയമനടപടികൾ നേരിടണം. അതാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയത്. ലൈഫ് പദ്ധതി, കൺസൾട്ടൻസി എന്നിവയിലും പുകമറ സൃഷ്ടിക്കുകയാണ്. . സ്വർണക്കടത്ത് മുൻനിറുത്തി ഇടതുപക്ഷത്തിനെതിരെ കൊടുങ്കാറ്റുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. അധികാരത്തിന്റെ ഇടനാഴിയിൽ ബാഹ്യശക്തികൾ നീങ്ങിയത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഇത്തരം കഥാപാത്രങ്ങളെ ഭരണത്തിൽ ഇടപെടാൻ ഞങ്ങൾ അനുവദിക്കില്ല. പ്രധാനം ജനങ്ങളുടെ വിശ്വാസമാണ്.. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനം തിരിച്ചടി നൽകും. ഞങ്ങൾ ജനങ്ങളിൽ നിന്ന് വന്നവരാണ്. . ജനങ്ങളും നാടും ഞങ്ങളെ ശരിവയ്ക്കും. ബാക്കി കാര്യങ്ങൾ ജനമദ്ധ്യത്തിൽ പറയാം- പ്രതിപക്ഷബഹളത്തിനിടെ, മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം പിണറായി ഇങ്ങനെ അവസാനിപ്പിച്ചു.
അധികാരക്കൊതിയാണ് കോൺഗ്രസിനെ അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമാകാൻ കഴിയുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടോ. ജനാധിപത്യ സർക്കാരിനെ തകർക്കാൻ നോക്കിയാൽ ജനങ്ങൾ നോക്കിനിൽക്കില്ല. ആ നീതിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്. . കോൺഗ്രസിന്റെ ബി ടീമായി ബിജെപി മാറിയതാണോ തിരിച്ചാണോയെന്ന് തിരിച്ചറിയാനാവാത്ത സാഹചര്യമാണ്. ബിജെപി മുഖ്യസ്ഥാനത്ത് വരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇടതുപക്ഷത്തെ ദുർബലമാക്കാനാണ് ശ്രമം. ജാതിമതഭേദമെന്യേ എല്ലാവരും കോൺഗ്രസിന്റെ നീക്കം തിരിച്ചറിയണം. വിവാദം സൃഷ്ടിക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയ അവിഹിതബന്ധത്തിന്റെ ഉത്പ്പന്നമാണ് അവിശ്വാസപ്രമേയം.
സത്യമാണെന്ന് തോന്നുംവരെ അസത്യം ആവർത്തിക്കുകയാണ്.
സർക്കാരിനെ തകർക്കാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ് ഫോം ഉയർന്നു. ഇ.എം.എസ് സർക്കാരിനെ ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ അട്ടിമറിച്ച കോൺഗ്രസ്, കേന്ദ്ര ഭരണമില്ലാത്തതിനാൽ
കുറുക്കുവഴി തേടുകയാണ്.ചില ഏജൻസികളെയും മാദ്ധ്യമങ്ങളെയും കൂട്ടുപിടിച്ച് പുകമറ സൃഷ്ടിച്ച്, ജനമനസുകളിൽ സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. . സർക്കാരിനെതിരെ പറയാൻ ഒന്നുമില്ലാത്തതിനാൽ, അവമതിപ്പുണ്ടാക്കാനാണ് ശ്രമം. കുടുംബാംഗങ്ങളെപ്പോലും അപമാനിക്കുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത എൻ.ഐ.എയുടെ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നീ വാക്കുകളില്ല. അറസ്റ്റ് ചെയ്തവരിൽ ഒരാൾ പോലും ഇടതുപക്ഷത്തുള്ളവരല്ല-മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ചും ആരോപണങ്ങൾ തള്ളിക്കളഞ്ഞും മുഖ്യമന്ത്രി. യു.എ.ഇ കോൺസൽ ജനറൽ ജലീലുമായി ഇടപെട്ടതിൽ അസ്വാഭാവികമായി ഒന്നുമില്ല. നയതന്ത്ര ബന്ധം ലംഘിച്ചിട്ടില്ല. ജലീൽ അങ്ങോട്ടല്ല, കോൺസൽ ജനറൽ ജലീലിനെയാണ് വിളിച്ചത്. ഭക്ഷണപാക്കറ്റുകളും ഖുറാൻ പാക്കറ്റുകളുമുണ്ടെന്ന് അറിയിച്ചു. നയതന്ത്ര കാര്യങ്ങൾ സംസാരിക്കുകയോ സഹായം കൈപ്പറ്റുകയോ ചെയ്തില്ല. ന്യൂനപക്ഷക്ഷേമ, വഖഫ് ഹജ്ജ് വകുപ്പുകളുടെ മന്ത്രിയായതിനാലാണ് ജലീലിനെ വിളിച്ചത്. പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ജലീൽ പറഞ്ഞത് വിശ്വാസത്തിലെടുക്കുന്നു. വേറെ കാര്യങ്ങളുണ്ടെങ്കിൽ അപ്പോൾ നോക്കാം. ഭക്ഷണക്കിറ്റ് ഏർപ്പാടാക്കിയതും പണം നൽകിയതുമെല്ലാം കോൺസുലേറ്റാണ്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. യു.എ.ഇ സീലുള്ള കവറുകളിൽ മതഗ്രന്ഥങ്ങൾ സി-ആപ്റ്റ് മലപ്പുറത്തെത്തിച്ചു. സർക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമില്ല. ഇന്ത്യയുമായി അടുത്തബന്ധമുള്ള യു.എ.ഇ സക്കാത്ത്, ഖുറാൻ നൽകാൻ ആഗ്രഹിച്ചാൽ നിഷേധ നിലപാടടുക്കാനാവില്ല. ന്യൂനപക്ഷത്തോടുള്ള കരുതലും മതസൗഹാർദ്ദവുമാണ് പ്രധാനം.