assembly

തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി മൂന്ന് മണിക്കൂർ പിന്നിട്ടതോടെ, ക്ഷമ കെട്ട പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് കുതിച്ചു. നടുത്തളത്തിലിറങ്ങി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതോടെ മുഖ്യമന്ത്രി പ്രസംഗം നിറുത്തിവച്ചു. ഇതോടെ ഭരണപക്ഷവു പ്രതിപക്ഷത്തോട് കൊമ്പുകോർത്ത് മുദ്രാവാക്യം വിളി തുടങ്ങി. മുഖ്യമന്ത്രി വീണ്ടും മറുപടിക്കായി എഴുന്നേറ്റതോടെ ഭരണപക്ഷം അടങ്ങിയെങ്കിലും, പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യംവിളി തുടർന്നു.

സർക്കാരിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ പറഞ്ഞും ഇതിനാണോ അവിശ്വാസമെന്ന് ചോദിച്ചുമാണ് മുഖ്യമന്ത്രി പ്രസംഗം നീട്ടിയത്. മന്ത്രി കെ.ടി. ജലീലിനെതിരായ പാഴ്സൽ വിവാദത്തിൽ മറുപടി പറഞ്ഞതോടെയാണ് ,പ്രതിപക്ഷം തൃപ്തരാവാതെ എഴുന്നേറ്റത്. കാട്ടുകള്ളാ പിണറായീ, മറുപടി പറയൂ പിണറായീ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിപക്ഷം മുഴക്കിയപ്പോൾ ,അയ്യയ്യേ നാണക്കേട്, മറുപടി കേൾക്കൂ, മറുപടി കേൾക്കൂ, പാളിപ്പോയി, ചീറ്റിപ്പോയീ, അവിശ്വാസപ്രമേയം പാളിപ്പോയീ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഭരണപക്ഷവും മുഴക്കി. പ്രതിപക്ഷ ബഹളത്തിനിടെയാണ് മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിച്ചത്.