തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഘോഷങ്ങൾക്കായി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഓഫീസുകളിലും പ്രാദേശിക തലത്തിലുമുള്ള ആഘോഷങ്ങൾ കർശനമായി ഒഴിവാക്കണം. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമുള്ള സൗഹൃദ സന്ദർശനവും ഒഴിവാക്കണം.
കാറിൽ നാലുപേർക്കും ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് പേർക്കും യാത്ര അനുവദിച്ചിട്ടുണ്ട്.
ഒരേസമയം പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം കച്ചവട സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണം. കടയുടമ കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും കടയിൽ എത്തുന്നവരുടെ വിവരം പോർട്ടലിൽ നൽകുകയും വേണം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് കടകളിൽ ടോക്കൺ സൗകര്യം ഏർപ്പെടുത്തണം. എ.സി കഴിവതും ഒഴിവാക്കണം. എ.സി മുറികളിൽ നിൽക്കുന്നവർ 15 മിനിട്ടിൽ കൂടുതൽ അവിടെ ചെലവഴിക്കരുത്. വഴിയോര കച്ചവടക്കാർ അകലം പാലിച്ചാണ് കച്ചവടം നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഉറപ്പാക്കണം. പൊതു മാർക്കറ്റുകളിലെ പ്രവേശനവും പുറത്തുപോകലും പൊലീസ് നിശ്ചയിച്ചു നൽകുമെന്നും, സർക്കാർ നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അറിയിച്ചു.
മറ്റ് നിർദ്ദേശങ്ങൾ
01. ലിഫ്റ്റ്, ഇടനാഴി എന്നിവിടങ്ങളിൽ തിരക്ക് ഒഴിവാക്കണം
02. ക്യു സംവിധാനം കർശനമായി പാലിക്കണം
03. സാമൂഹിക അകലം പാലിക്കുന്നതിന് തറയിൽ അടയാളപ്പെടുത്തണം
04. കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർ മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം
05. വസ്ത്ര, ആഭരണശാലകൾ എന്നിവിടങ്ങളിൽ ട്രയൽ സംവിധാനം നിരോധിക്കണം
06. ഇത് സംബന്ധിച്ചുള്ള നോട്ടീസ് കടകളിൽ പ്രദർശിപ്പിക്കണം
07. ബില്ലിംഗ് സെക്ഷനിൽ തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടർ ഏർപ്പെടുത്തണം
08. പണമിടപാടുകൾ കൂടുതലും ഓൺലൈൻ വഴിയാക്കണം