തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കുണ്ട്. കെ. സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. സ്റ്റാച്യുവിൽ നിന്ന് ആരംഭിച്ച മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, ബി.ജി. വിഷ്ണു, ആർ. സജിത്ത്, പാപ്പനംകോട് നന്ദു, ജി.എസ്. ആശാനാഥ്, കവിത സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.