covid-troll

പരിഹസിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് ഭീതി രൂക്ഷമായിരിക്കുന്ന സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ പുറത്തുവിട്ടത് മൂന്നു മണിക്കൂർ വൈകി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇല്ലെങ്കിൽ ആറു മണിയോടെ പുറത്തുവിടുന്ന കണക്കുകൾ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയത് രാത്രി ഒൻപത് മണിയോടെ. നിയമസഭയിൽ പ്രതിപക്ഷം സർക്കാരിനെതിരായി അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗം കഴിഞ്ഞ ശേഷം കണക്ക് പുറത്തുവിട്ടാൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്. കണക്കുകൾ വൈകിയതോടെ മാദ്ധ്യമസ്ഥാപനങ്ങളിലേക്ക് ജനങ്ങളുടെ ഫോൺ വിളികളായി. വൈകിട്ട് 5.32ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം അനന്തമായി നീണ്ടു. ആരോഗ്യവകുപ്പുമായി മാദ്ധ്യമപ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടതോടെ മറ്റുവഴികളില്ലാതെ മുഖ്യമന്ത്രിയുടെ പ്രസംഗത്തനിടെ 8.47 ആരോഗ്യവകുപ്പും 8.53ന് പി.ആർ.ഡിയും കണക്കുകൾ കൈമാറി. ഓരോ ദിവസവും വൈകിട്ട് മൂന്നു മണിവരെയുള്ള കണക്കുകൾ ക്രോഡീകരിച്ചാണ് മാദ്ധ്യമങ്ങൾക്ക് ലഭ്യമാക്കുന്നത്. ആരോഗ്യവകുപ്പ് പതിവുപോലെ നടപടി പൂർത്തിയാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൊവിഡ് കണക്കുകൾ വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പ്രധാന്യം നഷ്ടമാകുമെന്ന് ഭയന്നാണ് കണക്കുകൾ വൈകിപ്പിച്ചെതന്നാണ് ആക്ഷേപം. സോഷ്യൽ മീഡിയലിലും സർക്കാർ നടപടിക്കെതിരെ ട്രോളുകൾ നിറഞ്ഞു. ' ഇന്ന് ആർക്കും കൊവിഡില്ലെന്ന് പറയാൻ പറഞ്ഞു ' എന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരിഹാസം.