ktda

കാട്ടാക്കട: ഓണത്തിരക്ക് സാദ്ധ്യത മുന്നിൽക്കണ്ട് കാട്ടാക്കട ടൗൺ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാട്ടാക്കട പൊലീസും ഗ്രാമ പഞ്ചായത്തും. കാട്ടാക്കടയിൽ പൂവച്ചൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തും പൊലീസും വ്യാപാരി വ്യവസായി അംഗങ്ങളും സംയുക്ത യോഗം ചേർന്നാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ് ഇപ്പോൾത്തന്നെ വാർഡ് അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതോടൊപ്പം പൊലീസ് ബീറ്റും വാഹനത്തിൽ വിളമ്പരവും ഇടതടവില്ലാതെ നടത്തുന്നുണ്ട്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ, ജയകുമാർ,കാട്ടാക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജിത,പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സന്തോഷ്, വ്യാപാരി വ്യവസായി പ്രതിനിധി ശശി,ലാലു,ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യോഗതീരുമാനങ്ങൾ.

വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക്,വാഹനങ്ങളുടെ തിരക്ക് എന്നിവ നിയന്ത്രിക്കും

വഴിയോരക്കച്ചവടക്കാരെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബിദ്ധിമുട്ടില്ലാത്ത തരത്തിൽ ക്രമീകരിക്കും

വ്യാപാര സ്ഥാപങ്ങളിൽ വലിയ വാഹനങ്ങളിൽ നിന്നും ലോഡ് ഇറക്കാൻ പ്രത്യേക സമയക്രമീകരണം നടത്തും

റോഡിലെ തിരക്കും പാർക്കിംഗും നിയന്ത്രിക്കാൻ ക്രമീകരണം തുടങ്ങി

റോഡിന്റെ ഒരു വശത്ത് പാർക്കിംഗ് രീതി അവലംബിക്കും

വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ പാർക്കിംഗ്, നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും

നിയന്ത്റണങ്ങളും ഏകോപനവും നടപ്പിലാക്കാൻ കുറഞ്ഞത് 3 ജീവനക്കാരെ നിയോഗിക്കും. ആവശ്യമെങ്കിൽ ഇവരുടെ വേതനത്തിനായി പാർക്കിംഗിന് ക്രമീകരണത്തിൽ നിന്ന് ചെറിയ തുക ഈടാക്കും. അല്ലാത്തപക്ഷം ഇവർക്ക് നൽകാനുള്ള തുക വ്യാപാരികൾ തന്നെ കണ്ടെത്തണം.

വ്യാപാര സ്ഥാപനങ്ങളിൽ വിലക്കിഴിവ്‌ ഓഫറുകൾ നൽകി ആളെ കൂട്ടാനും നിയന്ത്രണങ്ങൾ മറന്നു ജനം എത്തിയാൽ സാമൂഹ്യ അകലം ഉൾപ്പെടെ പ്രതിരോധ മാനദണ്ഡങ്ങൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടിയുണ്ടാകും

പബ്ലിക് മാർക്കറ്റിലും ആളുകൾ ചുറ്റിത്തിരിഞ്ഞ്‌ സാമൂഹ്യ അകലം ഇല്ലാതായാൽ പൊലീസ് ഇടപെടൽ ഉണ്ടാകും. ഇതിനായി ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കർമനിരതരായിരിക്കും.

സ്റ്റേഷൻ പരിധിയിലുള്ള നിയമലംഘനങ്ങൾ മൊബൈലിൽ പകർത്തി അയയ്ക്കുകയോ കൃത്യമായ വിവരങ്ങൾ ഇൻസ്പെക്ടർ ഒഫ് പൊലീസ് ഡി.ബിജുകുമാറിന്റെ 9497987024 എന്ന ഔദ്യോഗിക ഫോൺ നമ്പരിൽ വാട്‌സ് ആപ്പിൽ അയച്ചാലും നടപടി സ്വീകരിക്കും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊതുജനപങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് ഓണക്കാലത്തും തുടർന്നും പൊലീസ് ഇടപെടൽ ഉണ്ടാവുക