thottam-

കയ്യിലൊരു ബാഗും ഒരു പായ്ക്കറ്റ് സിഗരറ്റുമായി കെ. കരുണാകരൻ സെക്രട്ടേറിയറ്റിൽ പി.ആർ.ഡി ഉദ്യോഗസ്ഥന് മുന്നിലെത്തി സ്വയം പരിയചയപ്പെടുത്തി. 'ഞാൻ കരുണാകരൻ.'

സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ എഴുന്നേറ്റു നിന്നു. ''അറിയാം.''

എനിക്ക് കൃഷിയെക്കുറിച്ച് കുറച്ച് വിവരങ്ങൾ വേണം. നിയമസഭയിൽ പ്രസംഗിക്കാനാണ്.' ഒൻപത് അംഗങ്ങളുമായി കരുണാകരൻ സഭയിലെത്തിയ കാലമായിരുന്നു അത്. ഉദ്യോഗസ്ഥൻ ആധികാരികമായി വിവരങ്ങൾ നൽകി. കരുണാകരൻ സഭയിൽ ഉജ്വലമായി പ്രസംഗിച്ചു. ആ പ്രസംഗത്തിന് പിന്നിൽ നിന്ന

തോട്ടം രാജശേഖരൻ എന്ന ആ ഉദ്യോഗസ്ഥന് ശനിയാഴ്ച 90 തികയുകയാണ്. പ്രായം തളർത്താത്ത മനസുമായി ഇന്നും വായനയുടെ ലോകത്താണ് രാജശേഖരൻ. കുറവൻകോണം കൈരളി നഗറിൽ ശ്രാവണത്തിൽ തോട്ടമുണ്ട്. തണലായി മകൾ സബിതയും മരുമകൻ കെ.ബി.രാജനും.

കരുണാകരൻ പിന്നെ മന്ത്രിയായപ്പോൾ തോട്ടം അഡീഷണൽ ഡയറക്ടറായി.

കരുണാകരന്റെ മന്ത്രിക്കസേരയ്ക്കു വലതുഭാഗത്തായി വലിയ സ്റ്റൂളുണ്ട്. അടുപ്പക്കാർക്കുള്ള ഇരിപ്പിടം. തോട്ടം രാജശേഖരൻ ആസ്റ്റൂളിലിരുന്ന് പറഞ്ഞതെല്ലാം കരുണാകരൻ കേട്ടു. കരുണാകരൻെറ അടുത്തയാളായി. ആ ബന്ധം വർഷങ്ങളോളം നീണ്ടു.

ആ ഇരിപ്പ് തോട്ടത്തിന് തന്നെ പിന്നെ പാരയായി. കരുണാകരൻെറ ആളെന്ന് മുദ്ര വീണതോടെ പിന്നീട് വന്ന ഭരണാധികാരികളൊന്നും തോട്ടത്തിന് വേണ്ട പരിഗണന നൽകിയില്ല.

1976 ൽ പാലക്കാട്ട് നടന്ന പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനായി തോട്ടത്തിനോട് പ്രസംഗിക്കേണ്ട കാര്യങ്ങളെപ്പറ്റി കരുണാകരൻ ആരാഞ്ഞു.

പത്രപ്രവർത്തകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റിയും തോട്ടം വിശദീകരിച്ചു.

ഇക്കാര്യം കരുണാകരൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പത്രപ്രവർത്തക പെൻഷന് പണം കണ്ടെത്താനായില്ലെങ്കിൽ ചലച്ചിത്ര അവാർഡ് ചടങ്ങിൻെറ ബാക്കിവരുന്ന തുക ഇതിനായി നീക്കിവയ്ക്കാമെന്ന ശുപാർശയും കരുണാകരൻ നൽകി.

2014ലെ ശിവഗിരി തീർത്ഥാടനത്തിലെ വിദ്യാഭ്യാസസമ്മേളനത്തിൽ തോട്ടം രാജശേഖരൻ കത്തിക്കയറിയ പ്രസംഗം നടത്തി. പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം കമലേശ്വരത്തെ വീട്ടിലിരുന്ന് ഭാര്യ എം.എൽ.രാധമ്മ കണ്ടുകൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് ഒരു ഫോൺ വന്നു 'തോട്ടം രാജശേഖരനെ മൂന്നു തുണ്ടമായി വെട്ടിയിട്ടിരിക്കുന്നു'.

അതുകേട്ടതും ഭാര്യ തളർന്നുവീണു. ആ വീഴ്ചയുടെ ആഘാതം നാല് വർഷം മുമ്പ് മരിക്കുന്നതുവരെയുണ്ടായിരുന്നു. തോട്ടത്തിൻെറ നാവടക്കാൻ ആരോ ചെയ്ത പണിയായിരുന്നു അത്. ഫോൺ വന്നത് ഹരിപ്പാട്ട് നിന്നാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ല. പറയാനുള്ളത് തുറന്നു പറയുമായിരുന്നു. അതായിരുന്നു തോട്ടം രാജശേഖരൻ.

33 വർഷത്തെ സേവനത്തിനുശേഷം പബ്ലിക് റിലേഷൻസ് ഡയറക്ടറായി 1985ൽ വിരമിച്ചു.

1952ൽ രണ്ടു വർഷം മാർ ഇവാനിയോസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ച ദിനമണിയിൽ കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു. സർക്കാർ സർവീസിൽ സോഷ്യൽ എഡ്യുക്കേഷൻ ഓഫീസർ. ഗവർണറുടെ പി.ആർ.ഒ., തോന്നയ്ക്കൽ ആശാൻ സ്മാരക സെക്രട്ടറി, കേരള പ്രസ് അക്കാഡമി ഡയറക്ടർ, കെ.എസ്.എഫ്.ഡി.സി. അംഗം, ചലച്ചിത്ര അവാർഡ് നിർണയ സമിതി അംഗം, സെൻസർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

നാടകം, നോവൽ, പഠനം, സർവീസ് സ്റ്റോറി തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. 'സിനിമ സത്യവും മിഥ്യയും' എന്ന പഠനഗ്രന്ഥത്തിന് 1982ലെ സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു.