കൊവിഡ് കണ്ണുരുട്ടി എല്ലാവരേയും വിറപ്പിച്ചു നിറുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഓണം ചടങ്ങായിത്തീരുമ്പോൾ, ആഘോഷങ്ങൾ ഇല്ലാതാകുമ്പോൾ ആരോരുമറിയാതെ കണ്ണിൽ ഈർപ്പവും ഉള്ളിൽ കദനത്തിന്റെ കനലുമായി കഴിയുന്ന ഒരു കൂട്ടരുണ്ട് - കലാകാരന്മാർ.
കലയെന്നു വച്ചാൽ സിനിമയും നാടകവും കഥകളിയും മോഹിനിയാട്ടവും മാത്രമല്ലല്ലോ. ഓണാഘോഷത്തോടനുബന്ധിച്ചു മാത്രം വേദികൾ കിട്ടുന്ന എത്രയോ കലാരൂപങ്ങളുണ്ട് . അങ്ങനെ വേദികൾ കിട്ടുമ്പോൾ മാത്രം നിറച്ചുണ്ണുന്ന എത്രയോ കുടുംബങ്ങളുണ്ട് ഈ സാംസ്കാരിക കേരളത്തിൽ.
കൃഷ്ണനാട്ടം, കൂടിയാട്ടം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, തുള്ളൽ, തെയ്യം, തിറയാട്ടം, പടയണി തീയ്യാട്ടം, കോലംതുള്ളൽ, പൂരക്കളി, മുടിയേറ്റ്, അർജ്ജുന നൃത്തം, കുമ്മാട്ടിക്കളി, കുറത്തിയാട്ടം, തിരിയുഴിച്ചിൽ, കളരിപ്പയറ്റ്, മംഗലംകളി, മറത്തുകളി, മലയിക്കുത്ത്, ചരടുപിന്നിക്കളി, കുടമുറിയാട്ടം, പുള്ളുവൻപാട്ട്, തച്ചോളിക്കളി, സർപ്പംതുള്ളൽ, കോൽക്കളി, ദഫ് മുട്ട്, അറബന മുട്ട്, മാർഗംകളി, ചവിട്ടുനാടകം, അയനിപ്പാട്ട്, അടച്ചുതുറപ്പാട്ട്, ഓതിയാട്ടം, പൂവിറുക്കം,പരിചമുട്ടുകളി...ഇങ്ങനെ നീളുന്ന കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർക്ക് ലഭിച്ചിരുന്ന പ്രധാനവേദികൾ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ളവയായിരുന്നു. സർക്കാരിന്റെ ഓണം വാരോഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രധാനവേദിയിൽ കലാപ്രകടനം നടത്തുക എന്നത് അംഗീകാരം കൂടിയായിട്ടാണ് ഈ കലാകാരന്മാർ കണ്ടിരുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് അനുഷ്‌ഠാന കലകൾക്ക് അമ്പലങ്ങളിലെ വേദികളെല്ലാം നഷ്ടപ്പെട്ടു. ഇപ്പോഴിതാ ഓണാഘോഷം വേദികളും.
ടൂറിസം വകുപ്പാണ് ഓണം വാരാഘോഷം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നത്. ഒരു കലാകാരന് 1000 മുതൽ 2000 രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നു. യാത്ര, ഭക്ഷണം, താമസം, ചെലവ് എന്നിവ കൂടാതെയാണ് ഈ തുക കിട്ടുക. അങ്ങനെ ഓണക്കാലത്ത് നിരവധി വേദികൾ ഇവർക്ക് ലഭിച്ചിരുന്നു. ഓണവേദികളിൽ എത്തുന്ന കലാകാരന്മാർക്ക് സംഘാടകരുമായുള്ള പരിചയത്തിൽ സർക്കാർ വേദികൾക്ക് പുറമേ മറ്റ് വേദികളും കിട്ടുമായിരുന്നു.
ഓണാഘോഷം
ഓൺലൈനാക്കിക്കൂടേ?
സോപ്പിട്ടോണം, മാസ്‌കിട്ടോണം, ഗ്യാപ്പിട്ടോണം... എന്നാണല്ലോ കൊവിഡ് കാല ഓണച്ചൊല്ല്. സർവതും ഇപ്പോൾ ഓൺലൈനാണ്. സിനിമകൾ പോലും ഓൺലൈൻ വഴി റീലീസ് ചെയ്യുന്നു. ഓണാഘോഷവും ഓണലൈൻ ആക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്നാണ് കലാകാരന്മാരുടെ പക്ഷം. ദൂരദർശൻ, കൈറ്റ് വിക്ടർ ചാനൽ എന്നീ പ്ളാറ്റ്ഫോമും ഇതിനായി പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ.
മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരത്തെ പ്രധാനവേദികളിൽ കലാകാരന്മാരെ എത്തിക്കുമ്പോൾ അവർക്ക് യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകൾ സംഘാടകരായ ടൂറിസം വകുപ്പാണ് വഹിച്ചിരുന്നത്. അത് ഇത്തവണ ഒഴിവാക്കാൻ കഴിയും. പകരം പ്രതിഫലം മാത്രം നൽകിയാൽ മതിയാകും. പ്രധാനവേദിയിൽ പ്രതിഫല ഇനത്തിൽ പത്തുലക്ഷത്തോളം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിനായി സർക്കാർ നീക്കിവച്ചിരിക്കുന്ന ഫണ്ട് പ്രയോജനപ്പെടുത്തിയാലും മതിയാകും.
ഓണാഘോഷമില്ലെങ്കിൽ
പട്ടിണി
ഓണാഘോഷവേദികളിൽ നിന്നും കിട്ടുന്ന പണം കൊണ്ട് കുടുംബം പോറ്റുന്ന നിരവധി കലാകാരന്മാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് കുറിച്ചി നടേശൻ. സംസ്ഥാനത്ത് അർജ്ജുന നൃത്തം അവതരിപ്പിക്കുന്ന അപൂർവം ചിലരിൽ ഒരാൾ.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ അർജ്ജുന നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് നടേശൻ തുടങ്ങുക. അത് അവസാനിക്കുന്നത് തിരുവനന്തപുരത്തെ ഓണം വാരാഘോഷ സമാപനത്തിലെ കലാപ്രകടനത്തോടെയാണ്. ചിങ്ങം കഴിഞ്ഞാലും ജീവിക്കാനുള്ള കരുതൽ എന്തെങ്കിലും ലഭിക്കുന്നതും ഓണം വേദികളിൽ നിന്നാണ്. അറുപതാം വയസിലും പരമ്പര്യമായി കിട്ടിയ അർജ്ജുനനൃത്തത്തെ മുറുകെ പിടിക്കുകയാണ് ഇദ്ദേഹം.
''ഓണാഘോഷം ജനക്കൂട്ടം ഉണ്ടാക്കുന്ന വിധത്തിൽ നടത്തിയില്ലെങ്കിലും മറ്റേതെങ്കിലും വിധത്തിൽ കല പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. കൊവിഡ് കാലത്ത് സർക്കാർ സഹായമായി കിട്ടിയത് 1500 രൂപയാണ്. അതുകൊണ്ട് ജീവിക്കാൻ കഴിയില്ല''- നടേശൻ പറഞ്ഞു. ഭാര്യ സീമയും പ്ലസ് ടുവിന് പഠിക്കുന്ന മകൻ അഭിഷേകും അടങ്ങുന്നതാണ് ഈ കലാകാരന്റെ കുടുംബം.
''കലാകാരന്മാർക്ക് കഴിഞ്ഞ തവണ ലഭിച്ച പ്രതിഫലം ലഭിക്കുന്നതിനു വേണ്ടി ഓൺലൈനായി ഓണം കലാപരിപാടികൾ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാകണം. അതിനുള്ള ഒരു കത്ത് സംസ്കാരികവകുപ്പിന് അയച്ചിട്ടുണ്ട് ''-
സൂര്യ കൃഷ്ണമൂർത്തി,
മുൻ ചെയർമാൻ,
സംഗീത നാടക അക്കാഡമി.
''കലാകാരന്മാരുടെ കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും''-
എ.കെ.ബാലൻ, സാസ്കാരിക മന്ത്രി