l

തിരുവനന്തപുരം: നഗരത്തിൽ സൗരോർജ വൈദ്യുതിയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നുന്നതിന്റെ ഭാഗമായി നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിയമസഭയിൽ സ്ഥാപിക്കുന്ന റൂഫ് ടോപ്പ് സോളാർ പ്രോജക്ടിന്റെ ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. നിയമസഭ മന്ദിരത്തിന്റെ പ്രവർത്തനത്തിനുവേണ്ട 33 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കാൻ കഴിയുന്ന 395 കിലോവാട്ട് സോളാർ പദ്ധതിയാണ് ഇവിടെ സ്ഥാപിക്കുന്നത്. 3.36 കോടി രൂപയാണ് പദ്ധതി ചെലവ്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, കേരള യൂണിവേഴ്സിറ്റി ലൈബ്രറി, വിമെൻസ് കോളേജ് വഴുതക്കാട്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ എന്നിവിടങ്ങളിലായി 607 കിലോവാട്ട് സോളാർ പദ്ധതിയാണ് സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വരുന്നത്. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ച് സംവിധാനത്തിന്റെ നിരീക്ഷണവും പരിപാലനവും ഉറപ്പുവരുത്തുകയും ചെയ്യും. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, എസ്. പുഷ്‌പലത, ഐ.പി. ബിനു, നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ, സ്‌മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.