തിരുവനന്തപുരം: അവിശ്വാസം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് സ്പീക്കർ പ്രതിപക്ഷത്തിനെതിരെ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സേവ് കേരള, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുയർത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ദിരാ ഭവനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് കുറച്ച് സമയവും ഭരണപക്ഷത്തിന് കൂടുതലും അനുവദിച്ച സ്പീക്കറുടെ നടപടി അനീതിയാണ്. മുഖ്യമന്ത്രിക്ക് മുന്നിൽ സ്പീക്കർ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച എട്ടോളം അഴിമതി ആരോപണങ്ങളിൽ ഒന്നിലും മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.
പ്രതികാര നടപടികൾക്കായിട്ടാണ് മുഖ്യമന്ത്രി വിജിലൻസിനെ ഉപയോഗിക്കുന്നത്. പി.ടി. തോമസ് എം.എൽ.എക്കെതിരായ അന്വേഷണം അതിന്റെ ഭാഗമാണ്. വോട്ടിംഗിൽ നിന്ന് വിട്ടുനിന്ന രണ്ട് എം.എൽ.എമാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ, ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്ര പ്രസാദ്, തമ്പാനൂർ രവി, പി.ടി. തോമസ്, എം.കെ. മുനീർ, വി.ഡി. സതീശൻ, വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, സതീശൻ പാച്ചേനി, എം. വിൻസന്റ്, ഷാഫി പറമ്പിൽ, വി.ടി. ബലറാം, അനിൽ അക്കര, കെ.എസ്. ശബരീനാഥൻ തുടങ്ങിവർ സംസാരിച്ചു.