nayan

തെന്നിന്ത്യൻ പ്രേക്ഷകർ ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹ വാർത്തകൾ. പലപ്പോഴും നയൻതാര വിവാഹിതയായെന്ന തരത്തിൽ റിപ്പോർട്ടുകൾ വരാറുണ്ടെങ്കിലും അതൊന്നും സത്യമാകാറില്ല. എങ്കിലും അധികം വൈകാതെ താരങ്ങളുടെ യഥാർത്ഥ വിവാഹ വാർത്ത കേൾക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നയൻതാരയും കാമുകൻ വിഘ്‌നേശ് ശിവനും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയതോടെയാണ് വിവാഹവാർത്ത പ്രചാരണങ്ങൾക്ക് വഴിയൊരുങ്ങിയത്. ഈ ലോക്ക് ഡൗൺ കാലത്തും ഇതേ കാര്യം വന്നെങ്കിലും നയൻതാരയോ വിഘ്‌നേശോ കൂടുതൽ വിശദീകരണം നൽകിയിരുന്നില്ല. ഒടുവിൽ ആരാധകർ കാത്തിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവനിപ്പോൾ.

വർഷങ്ങൾക്ക് മുൻപ് ഒരു അവാർഡ് വാങ്ങിയതിന് ശേഷമാണ് തന്റെ പ്രതിശ്രുത വരനെന്ന് പറഞ്ഞ് വിഘ്‌നേശിനെ നയൻതാര പരിചയപ്പെടുത്തുന്നത്. അതിനും ഏറെ കാലം മുൻപ് ഇരുവരുടെയും പ്രണയത്തെ കുറിച്ച് നിരന്തരം റിപ്പോർട്ടുകൾ വരാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വിദേശയാത്രകളും മതപരമായ ചടങ്ങുകളിലെ ആഘോഷങ്ങളുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ഇതൊക്കെ കാരണം താരവിവാഹത്തെ കുറിച്ച് അറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് വിഘ്‌നേശ് സംസാരിച്ചിരിക്കുന്നത്.

"വിവാഹവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും ഗോസിപ്പുകൾ വരാറുണ്ട്. എന്നാൽ കരിയറിൽ ഞങ്ങൾക്ക് ഒരുപാട് ലക്ഷ്യങ്ങൾ വേറെയുണ്ട്. അതിന് മുൻപ് വിവാഹത്തെ കുറിച്ച് ഞങ്ങൾ ചിന്തിക്കാറേ ഇല്ല. ഇപ്പോഴെങ്ങനെയാണോ അതിൽ ഞങ്ങൾ രണ്ട് പേരും സന്തുഷ്ടരാണ്. "

ഇങ്ങനെ പ്രണയിച്ച് നടക്കുന്നത് ബോറായി തോന്നുന്ന കാലത്ത് വിവാഹം കഴിക്കാമെന്ന് തമാശ രൂപേണ വിഘ്‌നേശ് പറയുന്നു. ഗോസിപ്പുകളും കൊവിഡ് 19ന്റെ ഫലം പോസിറ്റീവാണെന്നുള്ള അഭ്യൂഹങ്ങളും വാർത്തകളൊന്നും നല്ലതായി തോന്നുന്നില്ലെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. 'കാതുവക്കുല രണ്ടു കാതൽ' എന്ന സിനിമയാണ് വിഘ്‌നേശ് ശിവന്റേതായി ഇനി വരാനിരിക്കുന്നത്. നയൻതാര, സാമന്ത അക്കിനേനി, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രാങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം പദ്ധതി നടന്നില്ല. ഈ പ്രശ്നങ്ങളെല്ലാം തീർന്ന് കഴിഞ്ഞാൽ സിനിമ ആരംഭിക്കും എന്ന് കൂടി സംവിധായകൻ ഉറപ്പ് നൽകിയിരിക്കുകയാണ്. 'നാനും റൗഡി താൻ' എന്ന സിനിമയിലൂടെ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷമായിരുന്നു വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം പ്രണയം പുറത്ത് അറിയാതെ ഇരുവരും മറച്ചുവച്ചിരുന്നു. എന്നാലിപ്പോൾ ഒന്നിച്ചാണ് താരങ്ങളുടെ താമസം. നയൻസിന്റെ ജന്മദിനത്തിനും മറ്റുള്ള ആഘോഷങ്ങൾക്കിടയിലും കുടുംബസമേതമുള്ള ചിത്രങ്ങൾ വിഘ്‌നേശ് പുറത്ത് വിട്ടിരുന്നു.