sadya

തിരുവനന്തപുരം: കൊവിഡ് ആഘോഷപ്പൊലിമ കുറച്ചെങ്കിലും സദ്യ മാറ്റി നിറുത്തിയുള്ള ആഘോഷങ്ങൾ മലയാളിക്ക് ചിന്തിക്കാനാവില്ല. പ്രതിസന്ധികളുടെ നടുവിലും മലയാളികൾക്ക് മനവും വയറും നിറച്ചുണ്ണാനുള്ള സദ്യ ഒരുക്കാൻ ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും ഒരുങ്ങിക്കഴിഞ്ഞു. 32 തരം വിഭവങ്ങളും മൂന്നിനം പായസവുമടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഒറ്റ കാളിൽ വീട്ടിലെത്തും. ഓലൻ, കാളൻ, രസം... ഇങ്ങനെ നീളും സദ്യയിലെ വിഭവങ്ങൾ. അടപ്രഥമൻ, പരിപ്പ്, കടല, പാൽപ്പായസം… പായസത്തിലും വലിയ നിരയുണ്ട് ഹോട്ടലുകളിലെ മെനുവിൽ. ഓണസദ്യയുണ്ണാൻ ഹോട്ടലുകളിൽ ക്യൂ നിൽക്കുന്ന മുൻവർഷത്തെ സാഹചര്യം ഇത്തവണ ഉണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും സദ്യ വിളമ്പുന്നത്. മാസ്‌കും ഗ്ലൗസും ഫേസ് ഷീൽഡുമെല്ലാം ധരിച്ചാവും വിളമ്പുകാരെത്തുക. നിശ്ചിതസമയത്ത് ക്രമീകരണം നടത്തിയാകും ആൾക്കാരെ പ്രവേശിപ്പിക്കുക. അതുകൊണ്ട് തന്നെ പാഴ്സൽ ഡെലിവറിക്കാണ് ഹോട്ടലുകാർ മുൻഗണന നൽകുന്നത്. സ്റ്റാർ ഹോട്ടലുകളും സദ്യയുടെ ഓൺലൈൻ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സദ്യ വിളമ്പാനുള്ള പരിശീലനം സ്റ്റാർ ഹോട്ടലുകൾ ജീവനക്കാർക്കു നൽകുന്നുമുണ്ട്. ചെറു ഹോട്ടലുകളും ഓണദിവസങ്ങളിലേക്കുള്ള സദ്യയുടെ ബുക്കിംഗ് ആരംഭിച്ചു. ഏറ്റവും സുരക്ഷിതമായി, വൃത്തിയായി പായ്ക്ക് ചെയ്‌ത് സദ്യ ഡെലിവറി പൂർത്തിയാക്കാനുള്ള മുന്നൊരുക്കങ്ങൾ ഹോട്ടലുകൾ സ്വീകരിച്ചിട്ടുണ്ട്.

130ൽ തുടങ്ങി ആയിരം വരെ

150 രൂപ മുതൽ തുടങ്ങുന്ന സദ്യകളുടെ വില ആയിരവും കടന്നു പോകുന്നു. 32 തരം കറികളും മൂന്നിനം പായസവുമടങ്ങുന്ന സദ്യകൾക്കാണ് രൂപ 1000വും 1200ഉം.15 തരം കറികളും രണ്ടു പായസവുമടങ്ങുന്ന സദ്യകൾക്ക് 299 മുതൽ 475 രൂപവരെയുണ്ട്. ചെറു ഹോട്ടലുകളിലും കാറ്ററിംഗ്കാർക്കും 130 രൂപ മുതലാണ് വിലയാരംഭിക്കുന്നത്.

ഓർഡറുകൾ കൂടുതൽ വീടുകളിൽ നിന്ന്

ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തവണ ഓണസദ്യ ഇല്ലാത്തതിനാൽ വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് കൂടുതലെന്ന് കാറ്ററിംഗ് സർവീസുകാർ പറയുന്നു. വലിയ ഓർഡറുകളില്ലെങ്കിലും സീസൺ നഷ്ടമാകാത്ത തരത്തിൽ ഓർഡറുകൾ ലഭിക്കുന്നുണ്ട്. ജി.എസ്.ടി 5 ശതമാനമായി കുറഞ്ഞതിനാൽ ഇത്തവണ ഓണസദ്യ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് എത്തിക്കാനാകുമെന്ന് ഹോട്ടൽ,കാറ്ററിംഗ് ഉടമകൾ പറയുന്നു.

നോൺ വെജ് സദ്യ

ചിക്കനും ഞണ്ടും മീനും ഉൾപ്പെടെ അഞ്ച് നോൺ വെജ് വിഭവങ്ങളടങ്ങിയ സദ്യയുമുണ്ട്. തനി നാടൻ വിഭവങ്ങൾക്കൊപ്പമാണ് നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. കപ്പ ബിരിയാണിയും ഐസ്‌ക്രീമും സദ്യയ്ക്കൊപ്പം വിളമ്പുന്ന ഹോട്ടലുടമകളുമുണ്ട്. 900 രൂപ വരെയാണ് നിരക്ക്.