kovalam

കോവളം: വിവാദങ്ങളുടെ പിറകെ പോകാതെ വികസനങ്ങൾ നടപ്പാക്കേണ്ട സമയം അതിക്രമിച്ചതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ജില്ലയിൽ ആദ്യമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി ഭവന ഗുണഭോക്താക്കൾക്കായി നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.മഹാത്മാ അയ്യങ്കാളി ജനിച്ച നാടായ വെങ്ങാനൂരിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി സമുച്ചയം നിർമ്മിക്കാൻ സാധിച്ചതിൽ സർക്കാരിന് അഭിമാനമുണ്ടെന്നും സംസ്ഥാനത്തിന് ഇത് മാതൃകയാണെന്നും അദ്ധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി കടകംപള്ളി സരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളാർ വാർഡിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ മുഖ്യ അതിഥികളായിരുന്നു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് പദ്ധതി വിശദീകരണം നടത്തി. ഭവനസമുച്ചയം സമയബന്ധിതമായി പൂർത്തീകരിച്ച കോസ്റ്റ് ഫോർഡ് ജോ.ഡയറക്ടർ സാജനെയും മറ്റ് ഉദ്യോഗസ്ഥരെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ് ശ്രീകല ഉപഹാരങ്ങൾ നൽകി അനമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലതകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജി.ശോഭനകുമാരി, ജയകുമാരി, ബ്ലോക്ക് മെമ്പർമാരായ എൻ.ജെ. പ്രഫുല്ല ചന്ദ്രൻ, ഷീല ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് രണ്ടു കോടി 55 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. 20 സെന്റ് ഭൂമിയിൽ 21 ഭവനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സെപ്തംബർ ആദ്യവാരത്തോടെ താമസത്തിനായി തുറന്ന് കൊടുക്കും.