aaaa

കിളിമാനൂർ : ഗ്രാമങ്ങളിൽ ഓണത്തിന്റെ വരവറിയിച്ചു അടുക്കളയിൽ നിന്നും ആദ്യമെത്തുന്ന മണം ശുദ്ധമായ വെളിച്ചെണ്ണയിൽ സ്വർണ വർണത്തിൽ പൊരിച്ചെടുക്കുന്ന കായ വറുത്തതിന്റേതാണ്. അത്തം തുടങ്ങുമ്പോൾ തന്നെ വീട്ടമ്മമാർ കായ് വറുത്തു ടിന്നുകളിൽ ആക്കിവയ്ക്കും. എന്നാൽ ഇന്ന് ഭൂരിഭാഗം പേരും ഉണ്ടാക്കാൻ നിൽക്കാതെ ബേക്കറികളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ഓണത്തിന് ഉപ്പേരിയിലും മലയാളിയുടെ കൈ പോള്ളും.

കായ വില കൂടിയതോടെ ഉപ്പേരി വിലയ്ക്കും തീ പിടിച്ചു. ഉപ്പേരി വിട്ടൊരു കളിയില്ലാത്ത മലയാളിക്ക് വിപണിയിലെ ഉപ്പേരി വില കേട്ട് കണ്ണുതള്ളിയ സ്ഥിതിയാണ്. ഒറ്റയാഴ്ചയിൽ 120 രൂപ വരെയാണ് വില കൂടിയത്. കായ വറുത്തതും, ശർക്കര വരട്ടിയും 320 നും നുറുക്ക് ഉപ്പേരി 350നുമാണ് വില്പന. കഴിഞ്ഞയാഴ്ച വരെ ഉപ്പേരിയും ശർക്കര വരട്ടിയും 250 രൂപയ്ക്കും നുറുക്ക് 275 രൂപയ്ക്കും വിറ്റതാണ്. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കായ വില ഒറ്റയടിക്ക് 20 രൂപ വരെ കൂടിയതാണ് പ്രശ്നം. നാടൻ കായ കിട്ടാനില്ല മറ്റു സ്ഥലങ്ങളിൽ നിന്നും വരവും ഇല്ല.

വഴിയോര കച്ചവടക്കാർ കൂടിയതോടെ മാർക്കറ്റുകളിലും ഏത്തക്കായ്ക്ക് ക്ഷാമമാണ്. കൊവിഡ് മാന്ദ്യത്തിൽ നിന്ന് വിപണി കര കയറിവരുന്നത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമാകുന്നു.

സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസ് കിട്ടുന്നതോടെ ഈ ആഴ്ച വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമിച്ച വില്പനയുണ്ട്. ഏത്തക്കായ ക്ഷാമം ഇത്തവണ വിപണിയിൽ പ്രകടമാണെന്നാണ് ബേക്കറി ഉടമകൾ പറയുന്നു. മുൻകാലങ്ങളെ പോലെ തമിഴ്നാട്ടിൽനിന്ന് ഏത്തക്കായ എത്തുന്നില്ല. ഓണത്തിന് പാകമാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ നാട്ടിലെ കർഷകർക്ക് തിരിച്ചടിയായി ഇടമുറിയാതെ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും. ഇതിനെ തുടർന്ന് വാഴത്തോട്ടം വെള്ളത്തിൽ മുങ്ങിയും ഓണത്തിന് മുറിക്കാൻ പാകത്തിന് നിന്ന പതിനായിരക്കണക്കിന് വാഴകൾ ഒടിഞ്ഞു വീണ് കർഷകരെയും പ്രതിസന്ധിയിലാക്കി.