തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതോടെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതിൽ തുറന്നുകിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
14 പ്രതികളിൽ ഒന്നാം പ്രതിയടക്കം ഭൂരിപക്ഷംപേരും സി.പി.എമ്മുകാരായതിനാൽ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം പ്രകടമായിരുന്നു. പ്രതികളുടെ വാക്കുകൾ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത് എന്നുവരെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്യാൻ
മോദി സർക്കാരിന്റെ അഡി. സോളിസിറ്റർ ജനറൽമാരായിരുന്ന മനീന്ദർ സിംഗ്, രഞ്ജിത് കുമാർ എന്നിവരെ 86 ലക്ഷം രൂപ നല്കിയാണ് ഹൈക്കോടതിയിൽ അണിനിരത്തിയത്. രണ്ട് ചെറുപ്പക്കാരെ നിഷ്ഠുരമായി കൊന്നശേഷവും അവർക്ക് നീതി കിട്ടുന്നത് തടയാൻ ചെലവഴിച്ചത് ജനങ്ങളുടെ നികുതിപ്പണമാണ്.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലും സി.ബി.ഐ അന്വേഷണം വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.