prasanth-bhushan

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരായ കോർട്ടലക്ഷ്യക്കേസ് സുദീർഘമായ വാദങ്ങൾക്കുശേഷം ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഭൂഷൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിച്ചിരുന്നു. ശിക്ഷ വിധിക്കുന്നതിനുമുമ്പ് മാപ്പപേക്ഷിക്കുന്നതിന് തയ്യാറായാൽ ശിക്ഷ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി മൂന്നു ദിവസത്തെ സാവകാശം നൽകിയിരുന്നു. എന്നാൽ എന്തുവന്നാലും മാപ്പപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കി നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ശിക്ഷ സംബന്ധിച്ച് ഇന്നലെയും ദീർഘമായ വാദപ്രതിവാദങ്ങൾ നടന്നു. കോടതിയും ഭൂഷണും തങ്ങളുടെ മുൻനിലപാടിൽ ഉറച്ചുനിന്നതാണ് കേസിൽ അന്തിമ തീരുമാനം വൈകാൻ കാരണം. കോടതിയലക്ഷ്യത്തിന്റെ പേരിൽ ഭൂഷണെപ്പോലുള്ള ഒരു സീനിയർ അഭിഭാഷകനെ ശിക്ഷിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകൻ മാത്രമല്ല അറ്റോർണി ജനറലും ശക്തമായി ആവശ്യപ്പെട്ടത് പുതുമയേറിയ കാര്യമാണ്. സ്ഥാനമൊഴിയാൻ ഏതാനും ദിവസം മാത്രമുള്ള ജസ്റ്റിസ് അരുൺ മിശ്ര ആവുംവിധം ഭൂഷണിനെ തന്റെ നിലപാടിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്. എന്നാൽ ഉത്തമ ബോദ്ധ്യത്തോടെയും തികഞ്ഞ ഉത്തരവാദിത്വത്തോടെയും നടത്തിയ പ്രസ്താവനകളുടെ പേരിൽ മാപ്പ് പറയുന്നത് സ്വന്തം മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയായിരിക്കുമെന്നാണ് ഭൂഷൺ ആവർത്തിച്ചാവർത്തിച്ച് കോടതിയെ ബോധിപ്പിച്ചത്. ഇതേത്തുടർന്നാണ് ശിക്ഷ എന്തെന്ന് പിന്നീട് അറിയിക്കാമെന്നു പറഞ്ഞ് കോടതി കേസ് അവസാനിപ്പിച്ചത്.

കോർട്ടലക്ഷ്യക്കേസിൽ പരമാവധി ശിക്ഷ ആറുമാസമാണ്. ഭൂഷണിനെ ശിക്ഷിച്ച് ജയിലിലേക്കയയ്ക്കുന്നത് അങ്ങേയറ്റം അനുചിതമാകുമെന്ന അറ്റോർണി ജനറലിന്റെ അഭ്യർത്ഥന കോടതിയുടെ മുമ്പിലുണ്ട്. താക്കീത് നൽകി കേസ് അവസാനിപ്പിക്കുകയാകും എന്തുകൊണ്ടും അഭികാമ്യമെന്ന അഭിപ്രായവും പലവുരു പൊന്തിവന്നു. അതേസമയം ഭരണഘടനയുടെ നെടുംതൂണുകളിലൊന്നായ ജുഡിഷ്യറിക്ക് അവമതി ഉണ്ടാക്കുന്ന യാതൊന്നും അംഗീകരിക്കാൻ തങ്ങൾ ഒരുക്കമല്ലെന്ന് ദൃഢസ്വരത്തിൽ വ്യക്തമാക്കി മാനസാന്തരത്തിന് ഒരവസരംകൂടി നൽകാൻ കോടതി തയ്യാറായി. എന്നാൽ ശിക്ഷ ഏറ്റുവാങ്ങാൻ താൻ ഒരുക്കമാണെന്നു പറഞ്ഞ് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഭൂഷൺ.

ജുഡിഷ്യറിക്കെതിരെ വിമർശനമേ പാടില്ലെന്ന നിലപാടിനെതിരെ അഭിപ്രായം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൂഷണിനെതിരായ കോർട്ടലക്ഷ്യക്കേസിന്റെ അന്തിമ തീർപ്പ് എന്താണെന്നറിയാൻ നിയമവൃത്തങ്ങൾ മാത്രമല്ല രാജ്യം ഒന്നാകെ കാത്തിരിക്കുകയാണ്. കോർട്ടലക്ഷ്യ നിയമത്തിന്റെ ഇഴകൾ പിരിച്ചുള്ള വാദമുഖങ്ങൾ ഈ കേസിലും പൂർണമായി ഉയർന്നുവന്നതായി തോന്നുന്നില്ല. കൂടുതൽ കൂടുതൽ ഉൾപ്പിരിവുകളും വ്യാഖ്യാനങ്ങളുമൊക്കെ അടങ്ങിയ ഇൗ നിയമവുമായി ബന്ധപ്പെട്ട് ഇതിനകം വന്നിട്ടുള്ള വിധികളിലും വൈരുദ്ധ്യങ്ങളുണ്ട്. കോടതി സ്വയമേവ എടുക്കുന്ന കോർട്ടലക്ഷ്യക്കേസുകളുമായി ബന്ധപ്പെട്ടും നിയമ വ്യതിചലനങ്ങൾ കാണാം. ഈ കേസിൽതന്നെ ഭൂഷണിന്റെ പരാമർശങ്ങളിൽ ഉൾപ്പെടുന്ന ജഡ്ജിമാർക്ക് എന്താണ് പറയാനുള്ളതെന്ന് പരിഗണിച്ചിട്ടില്ല. അറ്റോർണി ജനറലിന്റെ അഭിപ്രായം തേടാതെയാണ് കോടതി ഭൂഷണിനെതിരെ കേസെടുത്ത് വിചാരണ തുടങ്ങിയത്. ഇക്കാര്യങ്ങളെല്ലാം വാദത്തിനിടെ കോടതിയിൽ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രശാന്ത് ഭൂഷൺ കേസിന്റെ പശ്ചാത്തലത്തിൽ കോർട്ടലക്ഷ്യ നിയമം ഒരിക്കൽകൂടി ജനശ്രദ്ധയിൽ വരികയാണ്. അദ്ദേഹത്തിനെതിരെ മറ്റൊരു കോർട്ടലക്ഷ്യ ഹർജിയും പരമോന്നത കോടതിയുടെ മുമ്പിലുണ്ട്. 2009 ൽ ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലുള്ളതാണത്. ഇപ്പോഴാണ് അത് പൊങ്ങിവരുന്നത്. കോർട്ടലക്ഷ്യ നിയമത്തിൽ ഇനിയും വ്യാഖ്യാനിക്കപ്പെടാത്ത നിയമവശങ്ങൾ ധാരാളമുള്ളതിനാൽ വിശാലമായ ഭരണഘടനാബെഞ്ച് തന്നെ അത്തരം കേസുകളിൽ വാദംകേൾക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. അതുപോലെ കോർട്ടലക്ഷ്യ വിധിക്കെതിരെ അപ്പീൽപോകാനും കക്ഷികൾക്ക് സ്വാതന്ത്ര്യം ഉണ്ടാകണം.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെയും സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരെയും സമൂഹ മാദ്ധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് സുപ്രീംകോടതിയിലെതന്നെ മുതിർന്ന അഭിഭാഷകനും പൗരാവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതി സ്വമേധയാ കോർട്ടലക്ഷ്യക്കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ 27 നും 29 നുമാണ് ഭൂഷണിന്റെ വിവാദ ട്വീറ്റുകൾ പുറത്തുവന്നത്. നാഗ്‌പൂർ രാജ്ഭവൻ വളപ്പിൽ ബി.ജെ.പി നേതാവിന്റെ വിലയേറിയ മോട്ടോർ സൈക്കിൾ ഓടിച്ചുനോക്കുന്ന ചീഫ് ജസ്റ്റിസ് ബോബ് ഡെയുടെ ചിത്രം ഉൾക്കൊള്ളിച്ചു നടത്തിയ ട്വീറ്റ് വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു. സുപ്രീം കോടതിയെപ്പോലും ലോക്ക് ഡൗണിലാക്കി നീതിക്കുള്ള സാധാരണക്കാരുൾപ്പെടെയുള്ളവരുടെ അവകാശം ഇല്ലാതാക്കി ചീഫ് ജസ്റ്റിസ് ബൈക്ക് സവാരി നടത്തുന്നു എന്നു പരിഹാസ രൂപേണയുള്ളതായിരുന്നു ജൂൺ 29 ലെ ട്വീറ്റ്. ആറുവർഷമായി രാജ്യത്ത് ജനാധിപത്യം തകർന്നിരിക്കുകയാണെന്നും ഇതിൽ സുപ്രീംകോടതിക്കും പങ്കുണ്ടെന്നും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനും അദ്ദേഹത്തിന്റെ മൂന്നു മുൻഗാമികൾക്കും ഇതിൽ നിന്ന് ഒഴിയാനാകില്ലെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്. പരമോന്നത കോടതിയുടെ അടിത്തറയെത്തന്നെ ഇളക്കുന്ന തരത്തിലുള്ളതാണ് പ്രശാന്ത് ഭൂഷണിന്റെ ഇൗ പരാമർശങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ നീങ്ങിയത്.

നീതി പീഠങ്ങളും അവയെ നയിക്കുന്നവരും പൂർണമായും വിമർശങ്ങൾക്കതീതരാകണമെന്ന് ആർക്കും പറയാനാവില്ല. ദൗത്യനിർവഹണത്തിൽ പാളിച്ച ഉണ്ടാകുമ്പോൾ നിയമബോധമുള്ളവർ പ്രതികരിക്കും. വിമർശനങ്ങൾ സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിൽ ചോദ്യം ചെയ്യപ്പെടാറുമില്ല. മുനവച്ചുള്ള വിമർശനങ്ങളുണ്ടാകുമ്പോൾ പക്ഷേ സ്ഥിതിമാറും. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകളിലെ ഒളിയമ്പുകളും ചില ദുസ്സൂചനകളുമാണ് അദ്ദേഹത്തെ കുടുക്കിയതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ ബോദ്ധ്യമാകും. പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും പരാമർശങ്ങൾ കോടതിക്കെതിരെയാകുമ്പോൾ പ്രത്യാഘാതം ഉണ്ടായേക്കാം. അതും പ്രഗല്ഭനായ അഭിഭാഷകനിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. സുപ്രീംകോടതി ജഡ്ജിമാരിലും അഴിമതി നടത്തുന്നവർ ഉണ്ടെന്ന് അവർക്കിടയിൽത്തന്നെയുള്ളവരാണ് പരസ്യ പ്രസ്താവന നടത്തിയിട്ടുള്ളത്. കുറച്ചുകാലം മുമ്പ് നാല് സിറ്റിംഗ് ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചുകൂട്ടി അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നടപടികൾക്കെതിരെ പ്രതികരിച്ചത് മറക്കാറായിട്ടില്ല. കോടതിയുടെ അന്തസ് അമ്പേ തകരുകയും കളങ്കപ്പെടുകയും ചെയ്തുവെന്നൊക്കെ അന്നും മാറത്തടിച്ചവർ ഉണ്ട്. ഒന്നും സംഭവിച്ചില്ല. ഇത്തരം ഒറ്റപ്പെട്ട വിമർശനങ്ങൾകൊണ്ട് തകരുന്നതൊന്നുമല്ല ജുഡിഷ്യറിയുടെ അന്തസും പാരമ്പര്യവും.

ജുഡിഷ്യറിക്കും അക്കൗണ്ടബിലിറ്റി വേണമെന്ന വാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പ്രശാന്ത് ഭൂഷണിന്റെ പിതാവ് ശാന്തിഭൂഷണും ഇതിനായി സുധീരം പോരാടിയ പ്രമുഖനാണ്. പ്രശാന്ത് ഭൂഷണിനെതിരായ വിധിയുടെ വെളിച്ചത്തിൽ കോർട്ടലക്ഷ്യവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ഒരിക്കൽകൂടി സവിസ്തര ചർച്ചകൾക്കു വിധേയമാവുകയാണ്.