തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം വരുമ്പോൾ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിശദീകരിക്കേണ്ടി വരുമെന്നും സർക്കാരിന്റെ നേട്ടങ്ങളും നിലപാടുകളും വ്യക്തമാക്കുമ്പോൾ തടയാനാകില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അവിശ്വാസപ്രമേയ ചർച്ചയിൽ സ്പീക്കർ വിവേചനം കാട്ടിയെന്ന പ്രതിപക്ഷനേതാവിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ തനിക്കെതിരെ സഭയിലുണ്ടായ പരമാർശങ്ങൾ നിർഭാഗ്യകരമാണ്. പാർലമെന്ററി ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണുണ്ടായത്. ഭരണഘടനയുടെ 179സി എന്ന നിബന്ധനയുടെ പേരിലാണ് സ്പീക്കർക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കാത്തത്. അത് അറിഞ്ഞുകൊണ്ട് പാർലമെന്ററി അനുഭവമുള്ള ഒരാൾ സംസാരിച്ചത് ശരിയായില്ല. വിപ്പ് ലംഘനം സംബന്ധിച്ച് കേരള കോൺഗ്രസുകളുടെ പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
രാജിവച്ച്
തിരഞ്ഞെടുപ്പിനെ
നേരിടാമോ:
മുല്ലപ്പള്ളി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം പാലിച്ചെന്ന് മേനിപറയുന്ന മുഖ്യമന്ത്രി ഇപ്പോൾ രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കർ നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനാണ് സ്പീക്കറുടെ ശ്രമം.
ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടി:
ഉമ്മൻചാണ്ടി
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഓടിയൊളിച്ചെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരെ ശകാരിച്ചത് കൊണ്ടോ മറുപടി പറയാതെ തടിതപ്പിയത് കൊണ്ടോ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല.
ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി :
കെ. സുരേന്ദ്രൻ
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നെല്ലാം ഒളിച്ചോടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.