vegetables

തിരുവനന്തപുരം: പ്രാദേശിക കർഷകരിൽ നിന്ന് സംഭരിക്കുന്ന പഴം - പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഓണസമൃദ്ധി പഴം പച്ചക്കറി വിപണികൾ ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച ജി.എ.പി സർട്ടിഫൈഡ് ഉത്പന്നങ്ങൾ 20ശതമാനം അധിക വില നൽകി സംഭരിച്ച് 10ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കുന്നത്.

വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വില്പന നടത്തും. മേയർ കെ. ശ്രീകുമാർ, ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, ഹോർട്ടികോർപ് ചെയർമാൻ വിനയൻ തുടങ്ങിയവർ പങ്കെടുക്കും.

 2000 ചന്തകൾ

2000 കാർഷിക ചന്തകളാണ് ഇന്ന് മുതൽ 30 വരെ പ്രവർത്തിക്കുന്നത്. 1350 വിപണികൾ കൃഷിവകുപ്പും, 150 എണ്ണം വി.എഫ്.പി.സി.കെയും 500 എണ്ണം ഹോർട്ടികോർപുമാണ് നടത്തുന്നത്. ഇടുക്കി, വട്ടവട-കാന്തല്ലൂർ നിന്നുളള പച്ചക്കറികൾ, മറയൂർ ശർക്കര, കാന്തല്ലൂർ, വെളുത്തുള്ളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ എന്നിവയും ലഭ്യമാക്കും.

ഹോർട്ടികോർപ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ സ്വിഗ്ഗി, സൊമാറ്റോ, എ.എം.നീഡ്സ്എന്നീ ഏജൻസികളുമായി സഹകരിച്ചാണ് കട്ട് വെജിറ്റബിൾസും, പച്ചക്കറികളും ഓൺലൈനായി ഡെലിവറി ചെയ്യുന്നത്. പൂക്കൃഷി വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത ഓണത്തിന് ഓണത്തിനൊരുകൂട പൂവ് എന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.