women-abuse

കൊല്ലം: ലെവൽക്രോസിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വനിതാ ഗേറ്റ് കീപ്പർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിധിയിൽ പാൽക്കുളങ്ങര ഗേറ്റിലെ ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷമായിരുന്നു സംഭവം. റെയിൽഗേറ്റിലെ കാവൽപ്പുരയിലെത്തിയ ഒരു സംഘം ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ മുതിർന്നു. ജീവനക്കാരി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നൈറ്റ് പട്രോളിംഗ് കീമാനാണ് രക്ഷിച്ചത്.

സംഭവത്തിൽ സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് അഡീഷണൽ ഡിവിഷണൽ സെക്രട്ടറി കെ.ആർ. രാജേഷ്, സെക്രട്ടറി സാജൻ ബി. കുളങ്ങര എന്നിവർ പ്രതിഷേധിച്ചു. റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായും കിളികൊല്ലൂർ പൊലീസുമായും നടന്ന ചർച്ചയിൽ ഗേറ്റുകൾ കേന്ദ്രീകരിച്ച് നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തുവാനും ഗേറ്റിൽ പട്രോളിംഗ് ബുക്ക് വയ്ക്കാനും തീരുമാനിച്ചു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ആർ.പി.എഫും കിളികൊല്ലൂർ പൊലീസും അറിയിച്ചു.