periya

തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചകൾ തിരുത്തുമെന്നും കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്തുമെന്നും സി.ബി.ഐ. പുതിയ കുറ്റപത്രം സി.ബി.ഐ നൽകും.

എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തിട്ടുണ്ട് തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്‌ണന്റെ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയ കേസ് പിന്നീടെങ്ങനെയാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറിയതെന്ന് ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി പരിശോധിക്കവേ ഹൈക്കോടതി സിംഗിൾ ബെഞ്ച് സംശയമുന്നയിച്ചിരുന്നു. പ്രതികൾ പറഞ്ഞ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമുള്ള കണ്ടെത്തൽ നിലനിൽക്കുന്നതല്ലെന്നും കോടതി വിമർശിച്ചിരുന്നു.

ക്രൈംബ്രാഞ്ചിന്റെ വീഴ്ചകൾ

 ഒന്നാംപ്രതി പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെ കൊന്നതെന്തിനെന്നും മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവെന്നും ഹൈക്കോടതിയുടെ ചോദ്യം.

 കൊലപാതകത്തിന് തൊട്ടുമുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതിനെക്കുറിച്ചും നേതാവിന്റെ കൊലവിളി പ്രസംഗത്തെക്കുറിച്ചും അന്വേഷണമുണ്ടായില്ല.

 കിണറ്റിൽ നിന്ന് ആദ്യം കണ്ടെത്തിയ ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെ ഉണ്ടായെന്നും കൊണ്ടിട്ടതാരാണെന്നും ദുരൂഹം.

 ഏഴ് കൊലക്കേസുകൾ സി.ബി.ഐയ്ക്ക്

പെരിയ ഇരട്ടക്കൊലക്കേസ് കൂടി വന്നതോടെ മലബാറിൽ രാഷ്ട്രീയബന്ധമുള്ള ഏഴ് കൊലക്കേസുകളാണ് തലശേരി റസ്റ്റ്‌ഹൗസ് ക്യാമ്പ് ഓഫീസാക്കി സി.ബി.ഐ അന്വേഷിക്കുന്നത്.

ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷാപ്രമുഖ് കതിരൂർ മനോജ്, ബി.എം.എസ് നേതാവ് പയ്യോളി മനോജ്, തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ, തലശേരിയിലെ സവിതാ ജ്വല്ലറിയുടമ ദിനേശൻ, പയ്യന്നൂരിലെ ഹക്കിം,

അരിയിൽ ഷുക്കൂർ എന്നിവയാണ് മറ്റു വധക്കേസുകൾ.

മനോജ് വധക്കേസിൽ ഒൻപത് സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫസൽ വധക്കേസിൽ സി.പി.എം ജില്ലാനേതാക്കളായ കാരായി രാജനെയും കാരായിചന്ദ്രശേഖരനെയും സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനടക്കമുള്ള നേതാക്കൾക്കെതിരേ കുറ്റപത്രം നൽകി.