തിരുവനന്തപുരം :സ്വർണക്കടത്ത് കേസിൽ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കാതിരുന്നതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ പരിശോധന നടത്താൻ എൻ.ഐ.എ തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സംശയം. കത്തിനശിച്ച ഫയലുകളുടെ ബാക്ക് അപ്പും ഇ-ഫയലുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട്സർക്യൂട്ടാണെന്നായിരുന്നു ആദ്യവിശദീകണം. എ.സി സ്വിച്ചിൽ നിന്നാണ് തീപിടിത്തമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ദിവസങ്ങളായി ഓണായിക്കിടന്ന ഫാൻ കത്തിയതാണെന്നാണ് ഒടുവിലത്തെ വിശദീകരണം.
യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലുകൾക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാൻ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് നികുതിയിളവ് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. 2018 വരെ 11തവണയും ലോക്ക്ഡൗൺ കാലത്ത് 23തവണയും നയതന്ത്രബാഗ് എത്തിയതിന്റെ വിവരങ്ങൾ കസ്റ്റംസിലുണ്ടെങ്കിലും പ്രോട്ടോക്കോൾ വിഭാഗം രേഖകൾ ഹാജരാക്കിയില്ല. രണ്ട് വർഷമായി കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റേതടക്കമുള്ള വിദേശയാത്രകളുടെ അനുമതിരേഖകളും കിട്ടിയ അപേക്ഷകളിലുള്ള കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ഒപ്പുകളുടെ പകർപ്പും ഹാജരാക്കാനും എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തെ ഫയലുകൾ നശിപ്പിച്ചതായി ആരോപണമുയർന്നു.നാല് വർഷത്തെ മുഴുവൻ രേഖകളും കോൺസുലേറ്റുമായുള്ള കത്തിടപാടുകളും ഹാജരാക്കാൻ എൻ.ഐ.എ തിങ്കളാഴ്ച നിർദ്ദേശിച്ച് മണിക്കൂറുകൾക്കകം നടന്ന തീപിടിത്തത്തിൽ ദുരൂഹതയേറുന്നു.
വഴിവിട്ട ഇടപാടുകളുണ്ടെന്ന ബി.ജെ.പിയുടെ പരാതിയെത്തുടർന്ന് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന ഷൈൻഹഖിനെ മാറ്റിയിരുന്നു. ബി.സുനിൽകുമാറിനെ പ്രോട്ടോക്കോൾ ഓഫീസറാക്കിയതിനു പിന്നാലെ ജോയിന്റ് പ്രോട്ടോക്കോൾ ഓഫീസറെന്ന തസ്തിക സൃഷ്ടിച്ച് ഷൈനിനെ നിയമിച്ചു. കൊവിഡ് ബാധിതനായതിനാലാണ് ഷൈനിനെ എൻ.ഐ.എക്ക് ചോദ്യം ചെയ്യാനാകാത്തത്.
ആദ്യം ഇടിമിന്നൽ
പിന്നെ തീപിടിത്തം
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ 2019 ജൂലായ് ഒന്ന് മുതൽ 2020 ജൂലായ് 12വരെയുള്ള സെക്രട്ടേറിയറ്റിലെ 88 കാമറകളിലെ ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. ദൃശ്യങ്ങൾ പകർത്താൻ 400ടിബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ലഭ്യമല്ലെന്നും എൻ.ഐ.എയ്ക്ക് സെക്രട്ടേറിയറ്റിലെ സെർവറിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാമെന്നുമാണ് സർക്കാർ നിലപാട്. ചീഫ്സെക്രട്ടറിയുടെ ഓഫീസിലേതടക്കമുള്ള കാമറകൾ ഇടിമിന്നലിൽ കേടായതിനാൽ ദൃശ്യങ്ങളില്ലെന്നാണ് വാദം.
തീപിടിത്തത്തിൽ കത്തിനശിച്ചതിൽ മിക്കതും സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധമുള്ള ഫയലുകളെന്ന സംശയവും ബലപ്പെടുന്നു. മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ ഓഫീസിനുമുന്നിലെ ഇടനാഴിയിൽ വരെ തീപടർന്നു. ഫയലുകൾ കത്തിച്ചതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചു. തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്നാണ് ആവശ്യം