plus-one-admission

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാസമർപ്പണം പൂർത്തിയായി. 4,​76390 വിദ്യാർത്ഥികളാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് വരെ 4,​20139 പേരാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുള്ളത്. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ സെപ്തംബർ നാലിന് വൈകിട്ട് അഞ്ച് വരെ സമയം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 4,​06476 ആകെ പ്ലസ് വൺ സീറ്റുകളാണുള്ളത്.

ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ്. 80,890 പേർ. സംസ്ഥാനത്ത് അപേക്ഷിച്ചവരിൽ 4,​21,​895 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 39,​335 പേർ സി.ബി.എസ്.ഇയിൽ നിന്നും 3,​887 പേർ ഐ.സി.എസ്.ഇയിൽ നിന്നും 11,​273 പേർ മറ്റ് വിഭാഗങ്ങളിൽ നിന്നുമാണ് അപേക്ഷിച്ചിരിക്കുന്നത്.

സെപ്തംബർ നാലിനായിരിക്കും ട്രയൽ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് സെപ്തംബർ 14നും മുഖ്യ അലോട്ട്മെന്റ് ഒക്ടോബർ ആറിനും പ്രസിദ്ധീകരിക്കും. ഒക്ടോബർ ഒമ്പത് മുതൽ 31 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടം. ഒക്ടോബർ 31ന് പ്രവേശനം അവസാനിക്കും.