കൊച്ചി: സാമ്പാറിന്റെയും പായസത്തിന്റെയും കൊതിപ്പിക്കുന്ന മണം നിറഞ്ഞുനിൽക്കേണ്ട കലവറകൾ ശൂന്യമാണ്. ഓണം വന്നിട്ടും അവയ്ക്കൊന്നും അനക്കം തട്ടിയിട്ടില്ല. ഓണക്കാലം സദ്യക്കാലം കൂടിയാണ്. ഓഫീസുകളിലെയും സംഘടനകളുടെയും കോളേജുകളിലെയും ചെറുതും വലുതുമായ ഓണസദ്യകളുടെ ഓർഡറുകളാൽ കാറ്ററിംഗ് തൊഴിലാളികൾക്ക് നിന്ന് തിരിയാൻ സമയം കിട്ടാത്ത കാലം.
ആർഭാടവും ആൾകൂട്ടവുമില്ലാതെ ഓണം വീടുകളിൽ ഒതുങ്ങുമ്പോൾ കാറ്ററിംഗ് മേഖലയുടെ സ്വപ്നങ്ങൾ വ്യർത്ഥമാവുകയാണ്. പകരം ലഭിക്കുന്നത് പട്ടിണിയും കടബാധ്യതയും. വിവാഹങ്ങളും ആഘോഷങ്ങളുമില്ലാതായതോടെ കാറ്ററിംഗ് യൂണിറ്റുകൾക്ക് ഓണമായിരുന്നു ഏകപ്രതീക്ഷ.
#ഒരു സീസൺ കൂടി നഷ്ടമായി
ഓഫീസുകളിലെയും സംഘടനകളുടെയും ഓണസദ്യ ഓർഡറുകൾ ഒന്നും ലഭിക്കില്ല. വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ ആ വാതിലും അടഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പൂട്ടുവീണതാണ് മിക്ക കാറ്ററിംഗ് യൂണിറ്റുകൾക്കും. വിശേഷാവസരങ്ങൾക്കൊക്കെ വളരെ കുറച്ച് ആളുകൾ മാത്രമായതോടെ ഓർഡറുകളും തീരെ കുറവ്. അടുത്ത കാലത്തൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് ഉടമകൾ പറയുന്നത്. ഏകദേശം 2000 കോടി നഷ്ടത്തിലാണ് നിലവിൽ മേഖലയിപ്പോൾ.
കേരളത്തിൽ 1,200 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളും ലൈൻസൻസില്ലാതെ പ്രവർത്തിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുമുണ്ട്.
ജില്ലയിൽ 475 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകൾ. വായ്പയെടുത്തും കടം വാങ്ങിയുമാണ് മിക്കവരും ബിസിനസ് ആരംഭിച്ചത്. ഓർഡറുകൾ നഷ്ടമായത്തോടെ തിരിച്ചടവുകൾ മുടങ്ങിയ ഇവർ കനത്ത കടബാദ്ധ്യതയിലാണ്. കാറ്ററിംഗ് ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ച നിലയിലും.
"നിന്ന് തിരിയാൻ സമയമില്ലാത്ത ഓണക്കാലമായിരുന്നു കഴിഞ്ഞ വർഷം വരെ. ഓണസദ്യയുടെ ചെറുതും വലുതുമായ നിരവധി ഓർഡറുകളാണ് ഇപ്പോൾ നഷ്ടമായത്. പട്ടിണിയും കടബാധ്യതയും മാത്രമാണ് മിച്ചം."
ശശിധരൻ കെ.പി
അനുഗ്രഹ കാറ്ററിംഗ്