k-surendran

കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സെക്രട്ടേറിയറ്രിലെ പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.

സെക്രട്ടേറിയറ്റ് വളപ്പിൽ വച്ച് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ നിന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി.ജലീലിന്റെയും വിദേശ യാത്രകൾ സംബന്ധിച്ച രേഖകൾ എൻ.ഐ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്തിച്ചത്. തങ്ങളെ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്ത ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നാണംകെട്ട കളിയാണ് കളിക്കുന്നത്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.അഞ്ചരയോടെയാണ് തീപിടിത്തമറിഞ്ഞ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സെക്രട്ടറി സി.ശിവൻകുട്ടി,ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവ‌ർ സെക്രട്ടേറിയറ്റിലെത്തിയത്. എല്ലാവരോടും പുറത്തുപോകാൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നിർദ്ദേശിക്കുന്നതിനിടെ സുരേന്ദ്രനുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.