വിതുര: വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ ആനപ്പാറ കണ്ണൻകുന്ന് വനത്തിൽ പോയ ആനപ്പാറ കൊച്ചാനപ്പാറ വയലരികത്ത്‌ വീട്ടിൽ ചന്ദ്രബാബുവിനെ കാട്ടാന ഓടിച്ചു. ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റ ചന്ദ്രബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് ദിവസം മുൻപ് വിതുര ചാത്തൻകോട് നിന്നു വനവിഭങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയ കൃഷ്ണൻകുട്ടി എന്ന ആദിവാസിയെയും കാട്ടാന ഓടിച്ചിരുന്നു. അന്ന് രാത്രി കൃഷ്ണൻകുട്ടി മരണപ്പെടുകയും ചെയ്തു. നിത്യവൃത്തിക്കായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറിയവരെയും ആനകൾ ആക്രമിച്ച സംഭവവും ഉണ്ടായി. നിലവിൽ വനത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. ഒരു വർഷത്തിനിടയിൽ രണ്ട് ആദിവാസികൾ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചു. അടുത്തിടെ മന്ത്രി കെ.രാജു കല്ലാർ സന്ദർശിച്ചിരുന്നു. അന്ന് കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണമെന്നാ ശ്യപ്പെട്ട് കല്ലാർ നിവാസികൾ നിവേദനം നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന പരാതിയും ഉയരുകയാണ്.