തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഒാഫീസിൽ ഉണ്ടായ തീപിടിത്തം പൊടുന്നനേ സമരകോലാഹലങ്ങൾക്കും അറസ്റ്റിനും സംഘർഷത്തിനും വഴിവച്ചു. ചീഫ് സെക്രട്ടറി സമരക്കാരുടെ ഇടയിലേക്ക് നേരിട്ട് വന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചത് അസാധാരണ സംഭവമായി. ഉന്നതപൊലീസ് ഉദ്യോഗസ്ഥർ തുടക്കത്തിൽ വിട്ടുനിന്നത് വിവാദമാവുകയും ചെയ്തു.
തീപിടിത്തം അറിഞ്ഞതോടെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും പാഞ്ഞെത്തുകയായിരുന്നു. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ എൻ.ഐ.എയ്ക്ക് കൊടുക്കാതിരിക്കാനും തെളിവ് നശിപ്പിക്കാനും നടത്തിയ ഗൂഢശ്രമം എന്ന ആക്ഷേപം ഉയർത്തിയായിരുന്നു ഇവരുടെ വരവ്. മാദ്ധ്യമപ്രവർത്തകരയടക്കം പൊലീസും ജീവനക്കാരും പിന്നാലെ ചീഫ് സെക്രട്ടറിയും തടയാൻ ശ്രമിച്ചതും അകറ്റിയതും ദുരൂഹത വർദ്ധിപ്പിച്ചു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനെ കന്റോൺമെന്റ് ഗേറ്റിൽ തടഞ്ഞതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ചീഫ് സെക്രട്ടറിയും സ്ഥലത്തെത്തി. സെക്രട്ടേറിയറ്റിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത് സുരേന്ദ്രനെ കുപിതനാക്കി. എന്താണ് മറച്ചുവെയ്ക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇത് വാഗ്വാദത്തിൽ കലാശിച്ചു. പൊലീസ് ബലം പ്രയോഗിച്ച് സുരേന്ദ്രനെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.പ്രവർത്തകർ കുത്തിയിരുന്ന് ധർണ നടത്തി.
പിന്നീട് യുവമോർച്ച പ്രവർത്തകർ മാർച്ചും നടത്തി.ബി.ജെ.പി. നേതാക്കളായ കുമ്മനം രാജശേഖരൻ, പി. കെ. കൃഷ്ണദാസ്, കരമനജയൻ തുടങ്ങിയവരും ധർണയിൽ പങ്കെടുത്തു.
പിന്നാലെയാണ് സ്ഥലം എം.എൽ.എകൂടിയായ വി. എസ്. ശിവകുമാർ എത്തിയത്. അദ്ദേഹത്തെയും പൊലീസ് അകത്തേക്ക് വിട്ടില്ല. ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധം തുടങ്ങി. പി. കെ. ബഷീർ, വി. ടി.ബലറാം, കെ. എസ്. ശബരീനാഥൻ തുടങ്ങിയ എം. എൽ.എമാരും എത്തി.ഇവരേയും കടത്തിവിട്ടില്ല. മിനിട്ടുകൾക്കകം എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധർണയിൽ പങ്കെടുത്തു. കൂടുതൽ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിച്ചു. സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ചീഫ് സെക്രട്ടറി പ്രതിപക്ഷ നേതാവിനെയും എം.എൽ.എമാരെയും കടത്തിവിടാൻ തയ്യാറായി. സമഗ്രഅന്വേഷണം വേണമെന്നും നേരിൽ കണ്ടിട്ടും ദുരൂഹതമാറുന്നില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. അവർ ഗവർണറെ സന്ദർശിച്ച് പരാതി നൽകി.
എസ്. ഡി.പി.ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ്, കെ.എസ്. യു പ്രവർത്തകരും പ്രകടനമായി എത്തി.കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ ധർണ രാത്രിയും തുടർന്നു.