തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ച അവസാനിച്ചപ്പോൾ രാഷ്‌ട്രീയ വിജയമവകാശപ്പെട്ട് ഇടത്-വലത് മുന്നണികൾ. കൃത്യമായ രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ ഭരണപക്ഷം ഒളിച്ചോടിയത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യത കൂട്ടുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. എന്നാൽ അവിശ്വാസപ്രമേയത്തിലൂടെ സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ വിശദമായി അവതരിപ്പിച്ചത് നേട്ടമായെന്നാണ് സി.പി.എം വിലയിരുത്തൽ.
സർക്കാർ നേട്ടങ്ങൾ ജനം ഉൾക്കൊള്ളുന്നതിൽ ഭയപ്പെടുന്ന പ്രതിപക്ഷം രാഷ്‌ട്രീയപുകമറയ്ക്കായി വിവാദമുണ്ടാക്കുന്നു എന്ന സി.പി.എമ്മിന്റെ ആക്ഷേപങ്ങൾ അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം. മൂന്നേമുക്കാൽ മണിക്കൂറുള്ള പ്രസംഗം ദൃശ്യമാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തത് നേട്ടമായെന്നാണ് വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് പരമപ്രധാനമാണ്. അപ്പോഴും പ്രതിപക്ഷമുയർത്തിയ രാഷ്ട്രീയാരോപണങ്ങൾക്ക് അതേരീതിയിൽ മറുപടി നൽകേണ്ടിയിരുന്നില്ലേയെന്ന ചോദ്യം ഇടതുകേന്ദ്രങ്ങളിലുണ്ട്.
ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നും എന്തോ മറച്ചുവയ്ക്കാനുണ്ടെന്നുമുള്ള പ്രതീതി പൊതുസമൂഹത്തിലുണ്ടാക്കിയെന്ന സന്ദേഹങ്ങൾ താഴേക്കിടയിലുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലെയും മറ്റും പ്രതികരണങ്ങൾ വിരൽചൂണ്ടുന്നു. പ്രതിപക്ഷം നേട്ടമായിക്കാണുന്നതും ഇതുതന്നെ. പൊതുമദ്ധ്യത്തിലുയർന്ന ആരോപണങ്ങൾക്ക് വിശ്വാസ്യതയുള്ള മറുപടി സർക്കാർ നൽകിയില്ലെന്നാണ് പ്രതിപക്ഷവാദം. ചർച്ച പൂർത്തിയാകുമ്പോൾ അത് കുറേക്കൂടി ബോദ്ധ്യമായി. അവിശ്വാസപ്രമേയത്തിലെ വിജയം അവിടെയാണവർ കാണുന്നത്. ഇതിന്റെ ചുവടുപിടിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രചരണത്തിലേക്ക് പ്രതിപക്ഷം കടക്കും. വിവാദങ്ങളിൽ പൊതുമദ്ധ്യത്തിലുയരുന്ന സംശയങ്ങൾ ബലപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് സഭയിലരങ്ങേറിയതെന്നും പ്രതിപക്ഷം കണക്ക്കൂട്ടുന്നു. ആരോപണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മറ്റ് രാഷ്ട്രീയവാദങ്ങളാണ് നിരത്തിയത്. ലൈഫ് മിഷൻ കമ്മിഷൻ അഴിമതിയെക്കുറിച്ച് പരാമർശിച്ചതുമില്ല.
ചർച്ചയുടെ അവസാനഘട്ടമെത്തിയപ്പോൾ സഭയ്ക്കകത്തെ ഫ്ലോർ മാനേജ്മെന്റ് അല്പം പാളിയെന്ന പരിഭവം പ്രതിപക്ഷത്തെ രണ്ടാംനിര അംഗങ്ങൾക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗം ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേ പ്രതിപക്ഷം നിലപാട് കടുപ്പിക്കണമായിരുന്നെന്നാണ് ഇവരുടെ അഭിപ്രായം. മുഖ്യമന്ത്രിയുടെ വിശദീകരണം നീണ്ടപ്പോൾ ധനാഭ്യർത്ഥന ചർച്ചയുടെ നിലവാരത്തിലേക്ക് പരസ്പരം ചോദ്യോത്തരങ്ങൾ വരെയുണ്ടായി. പിൻനിരയിൽ നിന്ന് ചിലരെത്തി ഇതിനെതിരെ നേതൃത്വത്തോട് പരിഭവമറിയിച്ചു. മറുപടിപ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് സഹികെട്ട പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
മറുപടിപ്രസംഗത്തിൽ സ്പീക്കർ പക്ഷപാതനിലപാടെടുത്തെന്ന ആക്ഷേപവും പ്രതിപക്ഷമുയർത്തിയത് ഭരണപക്ഷത്തെ ആക്രമിക്കാനാണ്. 300 മിനിറ്റ് ചർച്ചയിൽ മുഖ്യമന്ത്രിക്ക് മാത്രം 220 മിനിറ്റ് അനുവദിച്ചത് പക്ഷപാതപരമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയെ വിലക്കാനാകില്ലെന്നാണ് ഇതിനോട് സ്പീക്കറുടെ പ്രതികരണം. പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിച്ചെന്നാരോപിച്ച് ബി.ജെ.പിയും രംഗത്തുണ്ട്.