തിരുവനന്തപുരം:ഹിന്ദിയിൽ ബി.എഡും എം.എയും എം.ഫിലും പിഎച്ച്.ഡിയും എടുത്തിട്ടും തൊഴിലുറപ്പ് ജോലിക്കു പോകുന്ന ടി.സുധയ്‌ക്ക് സർക്കാർ ജോലി ഉറപ്പാക്കാൻ സർക്കാർ തന്നെ കനിയണം. കാരണം, 41 വയസായ സുധയ്‌ക്ക് ഇനിയൊരു ജോലിക്ക് അപേക്ഷിക്കാനാവില്ല.
എന്നാൽ സുധ ഉൾപ്പെടെയുള്ളവർ നിയമനം കാത്തിരിക്കുന്ന കോഴിക്കോട് ജില്ലയിലെ എച്ച്.എസ്.എ ഹിന്ദി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയാൽ മതി. അടുത്ത മാർച്ചോടെ നിരവധി പേർ വിരമിക്കുമ്പോൾ പുതിയ നിയമനം നടക്കും. ലിസ്റ്റിൽ 13 പേർക്ക് നിയമനം ലഭിച്ചാലും സുധയ്ക്ക് ജോലി ലഭിക്കും.
ഡോക്ടറേറ്റ് നേടിയിട്ടും തൊഴിലുറപ്പ് ജോലിക്കുപോകേണ്ടിവരുന്ന കാഞ്ഞിരംകുളം ഊറ്ററ സ്വദേശി സുധയെ കുറിച്ച് ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത സമൂഹത്തിലും സമൂഹ മാദ്ധ്യമങ്ങളിലും സജീവ ചർച്ചയായി. ഡോക്ടറേറ്റും ബി. എഡും നേടിയ സുധയ്ക്ക് താൻ സ്വപ്നം കണ്ട ടീച്ചർ ജോലി തന്നെ നൽകാൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയരുന്നുണ്ട്.
പി.എസി.സി വഴി ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലും പരീക്ഷ മുതൽ നിയമനം വരെയുള്ള കാര്യങ്ങളിലും കാട്ടുന്ന അലംഭാവത്തിന്റെ ഒരു ഇര മാത്രമാണ് സുധ. 2012ൽ റിപ്പോർട്ട് ചെയ്ത ഒഴിവനുസരിച്ച് 2013ലാണ് പി.എസ്.സി ഹൈസ്‌കൂൾ അസിസ്റ്റന്റ് തസ്‌തികകളിൽ അപേക്ഷ ക്ഷണിക്കുന്നത്. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് 2017ലും ഇതിനിടയിൽ വന്ന ഒഴിവുകളെല്ലാം സ്ഥലമാറ്റത്തിലൂടെയും മറ്റും നികത്തിയപ്പോൾ നിരവധി പേർക്ക് അവസരം നഷ്ടമായി. റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമിച്ചത് 27 പേരെ മാത്രം. സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും തനിക്ക് അദ്ധ്യാപക ജോലി ലഭിക്കുമെന്നുമാണ് ഇപ്പോഴും സുധ പറയുന്നത്.
''മുഖ്യമന്ത്രി ഇതിന്റെ ഗൗരവം മനസിലാക്കി ഇടപെടണം. പി.എച്ച്.ഡി വരെ നേടിയിട്ടും തൊഴിലുറപ്പിനു പോകുന്ന വനിതയുടെ മനശക്തിയെ അനുമോദിക്കുന്നു.''- ഡോ.എ.നീലലോഹിതദാസ്, മുൻ മന്ത്രി
''പി.എച്ച്.ഡി എടുത്ത പെൺകുട്ടി തൊഴിലുറപ്പിനു പോകേണ്ടി വരുന്ന ഗതികേടിലേക്ക് കേരളം എത്തി. ഇതിൽ സംസ്ഥാനത്തെ വനിതാമന്ത്രിമാരും വനിതാകമ്മിഷനും നിലപാട് വ്യക്തമാക്കണം''
- ലതികാ സുഭാഷ്, സംസ്ഥാന പ്രസിഡന്റ്, മഹിളാ കോൺഗ്രസ്