തിരുവനന്തപുരം : ശക്തമായ നിയന്ത്രണങ്ങളിലൂടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓണക്കാലമായതോടെ അപ്പാടെ പാളുന്ന സ്ഥിതിയാണിപ്പോൾ. മിക്ക ജില്ലകളിലും നിരത്തുകളിൽ വൻതിരക്കാണ്. ഓണം ആഘോഷിക്കണം, വ്യാപാരം നടക്കണം എന്നാൽ അത് കൊവിഡിനെ മറന്നുകൊണ്ടാകരുതെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സെപ്തംബറിൽ രോഗബാധിരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടാകുമെന്ന കണക്കുകൾ സർക്കാരിന് മുന്നിലുണ്ടെങ്കിലും ഓണക്കാലത്ത് നിരത്തുകളിലും ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പൊലീസിനെ രംഗത്തിറക്കി കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.
നിലവിൽ കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് പൊലീസ്.
ഓണക്കാലത്ത് കൊവിഡ് നിയന്ത്രണം സംബന്ധിച്ച ആക്ഷൻ പ്ലാനുകളൊന്നും തയ്യാറാക്കിയിട്ടില്ല. ഓണം കഴിയട്ടെ ബാക്കി അപ്പോൾ നോക്കാം എന്ന മട്ടിലാണ് നടപടികൾ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്ലാം ഓണത്തിന് ശേഷിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തിരക്ക് വ്യാപകമാകാനാണ് സാദ്ധ്യത. സോപ്പിട്ട്, മാസ്ക്കിട്ട്, ഗ്യാപ്പിട്ട് ഓണം എന്നൊക്കെ സർക്കാർ പറയുന്നുണ്ടെങ്കിലും അതെല്ലാം നടപ്പാക്കണമെങ്കിൽ കർശനമായ മേൽനോട്ടം വേണം.
വ്യാപാരികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് രാവിലെ ഏഴു മതൽ രാത്രി ഒൻപതുവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടിയിട്ടുണ്ട് .ഇതിനൊപ്പം തിരക്കു കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം കാഴ്ചക്കാരായി നോക്കി നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്നാണ്ആരോഗ്യ പ്രവർത്തകരുടെ ആശങ്ക. മാസങ്ങളോളം അടച്ചിട്ടതിന് ജനങ്ങളും സർക്കാരും നഷ്ടങ്ങൾ സഹിച്ചതിന് ഫലമില്ലാതെ വരുമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
നിയന്ത്രണങ്ങൾ
ബുദ്ധിമുട്ടിക്കലല്ല
പൊലീസ് നിയന്ത്രണങ്ങൾ പൊലീസ് കർശനമാക്കുന്നത് ജനങ്ങളെയോ വ്യാപാരികളെയോ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല,മറിച്ച് കൊവിഡ് ഇപ്പോഴും ഒപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ്.
നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴിയോരക്കച്ചവടക്കാർക്ക് ഉൾപ്പെടെ ദോഷകരമാകരുത്. നഗരങ്ങളിലെ പാതയോങ്ങളിൽ കച്ചവടങ്ങൾ പതിവാണ്.
പൊലീസ് ഇവർക്ക് സാമൂഹ്യഅകലം പാലിച്ച് കച്ചവടം ചെയ്യുന്നതിന് സ്ഥലം നിർണയിച്ചു നൽകണം. അല്ലെങ്കിൽ വിശാലമായ മൈതാനങ്ങളിലേക്ക് കച്ചവടം മാറ്റണം. തിരുവനന്തപുരം ഉൾപ്പെടെ നഗരങ്ങളിൽ ഇതിനോടകം ആരംഭിച്ച വഴിയോര കച്ചവടങ്ങളെല്ലാം പഴയപടിയാണ്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല.
ഓണച്ചന്തകളിലും മാർക്കറ്റുകളിലും കടകളിലും ആളുകൾ കൂട്ടംകൂടുന്നത് തടയണം.
പിന്നീട് പാശ്ചാത്തപിക്കേണ്ടി വരരുത്.
ഡോ.എബ്രഹാം വർഗീസ്, ഐ.എം.എ സംസ്ഥാനപ്രസിഡന്റ്