തിരുവനന്തപുരം: ശമ്പള വിതരണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നിരവധി ജീവനക്കാരുടെ ശമ്പള ബിൽ ട്രഷറികളിൽ മാറാൻ കഴിഞ്ഞില്ല. ബില്ലുകൾ കൂടിയതോടെ സിസ്റ്രം ജാം ആയെണെന്നാണ് പറയുന്നത്.
ആദ്യ ദിവസം ബില്ലുകൾ മാറിയെങ്കിലും ഇന്നലെ മണിക്കൂറിൽ പത്ത് ബില്ലുകൾ മാത്രമാണ് പലയിടത്തും മാറാനായത്. ഇതോടെ എല്ലാ ജീവനക്കാർക്കും സർക്കാർ പറഞ്ഞ സമയത്ത് ശമ്പളം കിട്ടുമോ എന്ന് സംശയമുണ്ട്.
ഓണം പ്രമാണിച്ച് നേരത്തേയാണ് ശമ്പളവിതരണം തുടങ്ങിയത്. ശമ്പള ബില്ലുകൾക്ക് പുറമെ, ഫെസ്റ്രിവൽ അലവൻസ്, ഓണം അഡ്വാൻസ്, ബോണസ് എന്നിവയും വരും. ഒന്നിച്ച് നിരവധി ബില്ലുകൾ വന്നതിനാലാണ് ലോഡ് കൂടി സോഫ്റ്ര് വെയർ ജാം ആയതെന്നാണ് പറയുന്നത്. പെൻഷൻ വിതരണം ഉള്ളതിനാൽ ഇന്നും തിരക്കുണ്ടാകും.
സോഫ്റ്ര്‌വെയറിന്റെയും സെർവറിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് ട്രഷറി ജീവനക്കാർ പറയുന്നത്. പുതിയ സെർവർ കൊണ്ടുവന്നിട്ടുണ്ടെന്നും കൊവിഡ് കാരണം സ്ഥാപിക്കാൻ വൈകുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം. ഇപ്പോൾ കോ ബാങ്ക് ടവറിലും ടെക്നോപാർക്കിലുമാണ് സെർവർ ഉള്ളത്. പുതിയ സെർവറും ടെക്നോപാർക്കിലാകും സ്ഥാപിക്കുക.