onam

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ ആക്ഷൻ പ്ളാനുമായി ജില്ലാഭരണകൂടം. വരാനിരിക്കുന്ന ഓണത്തിന്റെ തിരക്കും കണക്കിലെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ജില്ലാകളക്ടറുടെയും യോഗം ചേർന്ന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആക്ഷൻ പ്ലാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. തീരദേശമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ 90 ശതമാനം സമ്പർക്കരോഗ വ്യാപനമായതിനാൽ താഴേതട്ടിൽ നിന്നുള്ള പ്രതിരോധമാണ് ആദ്യ ഘട്ടത്തിൽ ഊർജിതമാക്കേണ്ടതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. പഞ്ചായത്ത്‌ തലത്തിൽ പ്രാദേശിക സംഘങ്ങളെ രൂപീകരിക്കും. തുടർന്ന് വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവരുമായി കൃത്യമായ ഇടവേളകളിൽ യോഗം ചേരും.

പ്രധാന മാർഗ നിർദ്ദേശങ്ങൾ

ഓരോ താലൂക്കുകളിലും പ്രത്യേകം സ്‌ക്വാഡുകൾ. ജില്ലയിലാകെ 30 സ്‌ക്വാഡുകളാണ് പ്രവർത്തനം നടത്തുക

മാർക്കറ്റുകളിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കും. പൊതു സ്ഥലങ്ങളിൽ പരിശോധനയ്ക്കുള്ള കിയോസ്‌കുകളും സ്ഥാപിക്കും

ബോധവത്കരണത്തിനായി ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ (ഐ.ഇ.സി) പ്രചാരണ പദ്ധതി.
 സമൂഹമാദ്ധ്യമങ്ങളിൽ ഫൈറ്റ്‌ കൊവിഡ്‌ ട്രിവാൻട്രം എന്ന ഹാഷ്‌ടാഗിലൂടെ കൊവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കും

പൊതുഇടങ്ങളിലോ വ്യാപാരസ്ഥാപനങ്ങളിലോ പോകുന്നവർക്ക് ഈ ഹാഷ്‌ടാഗുമായി സമൂഹമാദ്ധ്യമങ്ങളിൽ തന്റെ സെൽഫി പോസ്റ്റ്‌ ചെയ്യാം

ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക്‌ പ്രത്യേക സമ്മാനം
ഓണാഘോഷം വീടുകളിൽ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ 'കൊവീടോണം' നടപ്പാക്കും
 റിവേഴ്‌സ്‌ ക്വാറന്റൈൻ–കൂടുതൽ ആരോഗ്യപരിരക്ഷ ആവശ്യമുള്ളവരുടെ വാർഡുതലത്തിലുള്ള പട്ടിക തയാറാക്കി സമർപ്പിക്കും

 സംസ്ഥാനത്ത്‌ ആദ്യമായി ജില്ലയിൽ കൊവിഡ് പരിശോധനയ്ക്ക് പൾസ്‌ ഓക്സീമീറ്റർ പരിശോധന നടത്തും
വയോജനങ്ങൾ, കുട്ടികൾ, ‌കിടപ്പുരോഗികൾ, ഗർഭിണികൾ) വിഭാഗത്തിൽപെട്ടവർക്ക് പരിശോധന നടത്തും