fire

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും നശിച്ചതായി സംശയം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകളുണ്ടെന്ന് കരുതുന്ന സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ദുരൂഹ തീപിടിത്തത്തിൽ നിരവധി സുപ്രധാന ഫയലുകൾ കത്തിച്ചാമ്പലായി.

സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടിത്തം. പൊളിറ്റിക്കൽ ഓഫീസിലെ റൂം ബുക്കിംഗ് ഫയലുകൾ സൂക്ഷിക്കുന്ന റാക്കിലാണ് തീപിടിച്ചത്. അഞ്ചു ബണ്ടിൽ ഫയലുകളും ചില ഗസറ്റുകളും ഇവ സൂക്ഷിച്ചിരുന്ന കബോർഡുമടക്കം നശിച്ചു. അടച്ചിട്ടിരുന്ന മുറിയിൽ വൈകിട്ട് 4.45ഓടെ പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. അഞ്ച് മണിയോടെ ചെങ്കൽച്ചൂള യൂണിറ്റിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം അര മണിക്കൂറിനുള്ളിൽ തീ കെടുത്തി. ജനാലയ്ക്ക് സമീപമുള്ള ഇലക്ട്രിക് വയറിൽ നിന്നാവാം തീപിടിച്ചതെന്ന് സ്റ്റേഷൻ ഓഫീസർമാരായ പ്രവീണും തുളസീധരനും പറഞ്ഞു.

നശിച്ചതിൽ മന്ത്രിമാരുടെ

വിദേശയാത്രാ ഫയലുകളും

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പർ ഫയലുകൾ വീണ്ടെടുക്കാനാവാത്ത വിധത്തിൽ നശിച്ചുപോയെന്നാണ് വിവരം.

പൊളിറ്റിക്കൽ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വി.വി.ഐ.പി, വി.ഐ.പി സന്ദർശന ഫയലുകൾ ഈ സെക്ഷനുകളിലാണ്. സെക്ഷൻ 5ൽ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയിൽ മന്ത്രിമാരുടെയടക്കം വിരുന്നുകൾ, ഗസ്റ്റ് ഹൗസുകൾ ആർക്കൊക്കെ അനുവദിച്ചു എന്നിവയുടെ ഫയലുകളും. ജോയിന്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി ഈ സെക്ഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർ സമീപത്തെ സെക്ഷനിലുണ്ടായിരുന്നു.

കത്തിയത് ഗസ്റ്റ്ഹൗസ്

ഫയലുകളെന്ന്

പ്രധാന ഫയലുകൾ നശിച്ചിട്ടില്ലെന്നും, സർക്കാർ ഗസ്റ്റ്ഹൗസുകളിലെ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഒരു റാക്കിലെ ഫയലുകളാണ് നശിച്ചതെന്നും അഡിഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എ. രാജീവനും അഡിഷണൽ സെക്രട്ടറി പി.ഹണിയും പറഞ്ഞു. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമാണെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാറും വ്യക്തമാക്കി. ഇ-ഫയലിംഗ് സിസ്റ്റമുള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമങ്ങളെ

പുറത്താക്കി

വിവരമറിഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകരെയും ചാനൽ കാമറകളെയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി സെക്രട്ടേറിയറ്റ് അങ്കണത്തിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയറ്റിൽ

പ്രതിഷേധാഗ്നി

തീ പിടിത്തത്തിൽ ദുരൂഹതയാരോപിച്ച് യു.ഡി.എഫ്, ബി.ജെ.പി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സെക്രട്ടേറിയറ്റും പരിസരവും മണിക്കൂറുകളോളം സംഘർഷത്തിലമർന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിലേക്ക് ഇരച്ചുകയറി ചീഫ് സെക്രട്ടറിയോട് കൊമ്പുകോർത്തു. നാടകീയരംഗങ്ങൾക്കൊടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെത്തിയ യു.ഡി.എഫ് എം.എൽ.എമാരെ പൊലീസ് തടഞ്ഞതും സംഘർഷം സൃഷ്ടിച്ചു. സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടർന്ന് എം.എൽ.എമാർക്കൊപ്പം തീപിടിത്തമുണ്ടായ മുറിയിലേക്ക് അദ്ദേഹത്തെ കൂട്ടികൊണ്ടുപോയി. പരിശോധിച്ചശേഷം പുറത്ത് വന്ന ചെന്നിത്തല, സ്വർണക്കടത്ത് കേസിലെയടക്കം തന്ത്രപ്രധാന ഫയലുകൾ കത്തിയതായി പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും സംഭവത്തിൽ എൻ.ഐ.എ അന്വേഷണമാവശ്യപ്പെട്ടു. യു.ഡി.എഫ് ഇന്ന് കരിദിനം പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് പിന്നീട് ഗവർണറെ കണ്ടും അന്വേഷണമാവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെയടക്കം പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.