കല്ലമ്പലം: ഏഴംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. വടശ്ശേരിക്കോണം ഞെക്കാട് കല്ലുമല വീട്ടിൽ മല്ലികയെയും കുടുംബത്തെയുമാണ് കഴിഞ്ഞദിവസം വൈകിട്ട് വീടുകയറി ആക്രമിച്ചത്. കൂലിവേല ചെയ്തു ജീവിക്കുന്ന മല്ലികയുടെ വീട്ടിൽ മല്ലികയും അനുജത്തിയും മകനും മരുമകളും മാത്രമാണ് സംഭവ സമയം ഉണ്ടായിരുന്നത്. ഇവരുടെ അയൽവാസിയായ യുവാവാണ് മദ്യപിച്ച് കൂട്ടുകാരുമായെത്തി വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതെന്ന് കല്ലമ്പലം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീടിന്റെ മുൻ വാതിൽ തകർത്ത അക്രമികൾ വാട്ടർ ടാങ്കും നശിപ്പിച്ചു. തുടർന്ന് അസഭ്യം പറയുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ മല്ലികയും കുടുംബവും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജിലും ചികിത്സ തേടി. എന്നാൽ സംഭവത്തിൽ കഴമ്പില്ലെന്നും അയൽവാസിയായ യുവാവിനെയാണ് ഇവർ ആദ്യം ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്നും അയാളുടെ പരാതിയാണ് ആദ്യം ലഭിച്ചതെന്നും ഇരുവരുടെയും പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായും കല്ലമ്പലം സി.ഐ ഫറോസ് അറിയിച്ചു.