തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് അട്ടിമറിയാണ്.
എല്ലാ തെളിവുകളും നശിപ്പിച്ച് കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് സ്വീകാര്യമല്ല. എൻ.ഐ.എ തന്നെ ഇതന്വേഷിക്കണം. പൊതു ഭരണവകുപ്പിന് കീഴിലാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസ്. സ്വർണക്കടത്ത് സംബന്ധിച്ച ഫയലുകളും നയതന്ത്ര ബാഗേജുകളുടെയും മറ്റ് പാഴ്സലുകളുടെയും ക്ലിയറൻസ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യ സ്വഭാവമുള്ള മറ്റു ഫയലുകളും പൊതുഭരണ വകുപ്പിലാണ്. അവിടെയാണ് തീപിടിത്തമുണ്ടായതും ഫയലുകൾ കത്തിനശിച്ചതും. ഈ കേസിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. ഇവിടത്തെ ചില ഫയലുകൾ തങ്ങളുടെ പക്കലില്ലെന്ന് ഉദ്യോഗസ്ഥർ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. അന്വേഷണം മുറുകുന്നതിനിടിയിൽ തീപിടിത്തമുണ്ടായത് യാദൃച്ഛികമാണെന്ന് കരുതാനാവില്ല.
ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിട്ട ഓഫീസിൽ എങ്ങനെ തീവരും. മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകളെല്ലാം നശിച്ചിരിക്കുകയാണ്. ഇവയുടെ ബാക്അപ്പ് ഫയൽ ഉണ്ടോ എന്ന് ശബരീനാഥൻ എം.എൽ.എ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഇത് സംശയം ബലപ്പെടുത്തുന്നു. ബോധപൂർവമായ ശ്രമമാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ ഫയലുകൾ നശിക്കുന്നതിന് മുമ്പ് അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റ് റെയ്ഡ് ചെയ്ത് ശേഷിക്കുന്ന ഫയലുകൾ പിടിച്ചെടുക്കണം. എം.എൽ.എമാരെപ്പോലും സെക്രട്ടേറിയറ്റിൽ ആദ്യം കയറ്റാതിരുന്നത് സത്യം പുറത്തു വരുമെന്ന് ഭയന്നാണ്. ഇതെന്താ ശിവശങ്കരന്റെയും സ്വപ്നയുടെയും മാത്രം സെക്രട്ടേറിയറ്റാണോ? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവരെ രക്ഷപെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് തീപിടിത്തമെന്നും ചെന്നിത്തല ആരോപിച്ചു.
നശിച്ചത് സീക്രട്ട് ഫയലുകളെന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്ഷനുകളിലാണ് തീപിടിത്തം ഉണ്ടായതെന്നും വിദേശയാത്രയുമായി ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് നശിച്ചതെന്നും പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലപറഞ്ഞു.
'നശിച്ചത് അല്ലെങ്കിൽ നശിപ്പിച്ച് കളഞ്ഞത്"എന്നാണ് അദ്ദേഹം തീപിടിത്തത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവസ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മറ്റ് കോൺഗ്രസ് നേതാക്കന്മാരെയും അധികൃതർ അനുവദിച്ചിരുന്നു. തീപിടിത്തം സംബന്ധിച്ച് താൻ റവന്യൂ സെക്രട്ടറിയുമായും ആഭ്യന്തര സെക്രട്ടറിയുമായും ചർച്ചകൾ നടത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.