ep-jayarajan-

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ അക്രമത്തിന് പ്രോത്സാഹനം കൊടുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്ന് മന്ത്രി ഇ.പി.ജയരാജന്റെ രൂക്ഷ വിമർശനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സെക്രട്ടേറിയറ്റിൽ ചാടിക്കയറി അക്രമം കാട്ടി. ഇക്കാര്യത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

യഥാസമയം ഉന്നത ഉദ്യോഗസ്ഥർ എത്തി കാര്യങ്ങൾ നിയന്ത്രിക്കാതിരുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

സെക്രട്ടേറിയറ്റിലെ ഫയർ യൂണിറ്റിന്റെ ചുമതലയുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. ഡി.സി.പി ദിവ്യാ ഗോപിനാഥ് ഒഴികെ ഉന്നത പൊലീസുദ്യോഗസ്ഥർ ആരും എത്തിയില്ല. ചീഫ്സെക്രട്ടറി നേരിട്ടെത്തിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്.

ആറേ മുക്കാലോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ എത്തിയത്. സംഘർഷം കനത്തതോടെയാണ് ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എത്തിയത്. അപ്പോഴേക്കും യുവമോർച്ചയും കോൺഗ്രസുമെല്ലാം പ്രതിഷേധങ്ങൾ കടുപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് തടയാനും ജലപീരങ്കി എത്തിക്കാനും പിന്നെയും സമയമെടുത്തു.