psc

തിരുവനന്തപുരം:മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം തൊഴിൽ സംവരണം അനുവദിക്കണമെന്ന സർക്കാർ നിർദ്ദേശം പി.എസ്.സി അംഗീകരിച്ചു. ചട്ട ഭേദഗതിക്ക് പി. എസ്. സി യോഗം അനുമതി നൽകി. ഭേദഗതികളില്ലാതെയാണ് സർക്കാർ നിർദ്ദേശം അംഗീകരിച്ചത്. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനങ്ങൾക്ക് സാമ്പത്തിക സംവരണം ബാധകമായിരിക്കും.

പൊതുവിഭാഗത്തിന് അനുവദിച്ച 50 ശതമാനത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം മാറ്റുന്നത്. 100 വരെയുള്ള നിയമനത്തിൽ 9,19, 29, 39, 49, 59, 69, 79, 89, 99 എന്നീ ക്രമത്തിൽ വരുന്ന നിയമനങ്ങളാണ് സാമ്പത്തിക സംവരണത്തിന് മാറ്റുന്നത്. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപ വരെയുള്ള മുന്നാക്കക്കാർക്കാണ് സംവരണത്തിന് അർഹത. ഗ്രാമ പഞ്ചായത്തിൽ രണ്ടര ഏക്കറിൽ കൂടുതലോ മുൻസിപ്പാലിറ്റിയിൽ 75 സെന്റിൽ കൂടുതലോ കോർപ്പറേഷൻ പരിധിയിൽ 50 സെന്റിൽ കൂടുതലോ വസ്തു സ്വന്തമായുള്ള കുടുംബങ്ങൾ സാമ്പത്തിക സംവരണത്തിന് അർഹരല്ല. ചട്ടം ഭേദഗതി സർക്കാർ അംഗീകരിച്ച് വിജ്ഞാപനം ചെയ്യണം.