chain-robbery

കാെട്ടാരക്കര: നഗരസഭയുടെ ക്ളീനിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി സിന്ധുവിന്റെ അര പവന്റെ മാലയാണ് കാൽനടയായി വന്ന യുവാവ് പൊട്ടിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഉടൻതന്നെ കൊട്ടാരക്കര പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിന്നും ബൈക്കുമായി നിന്ന മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മാലപൊട്ടിയ്ക്കാനെത്തിയ യുവാവിനൊപ്പമുള്ളയാളാണെന്ന് ബോദ്ധ്യപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മാലപൊട്ടിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. പനവേലി സ്വദേശികളായ പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊട്ടിച്ചെടുത്ത മാലയും കണ്ടെടുത്തു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് മാലപൊട്ടിച്ച പ്രതികളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത്. നഗരസഭയിലെ ക്ളീനിംഗ് ജീവനക്കാരനായ ഭർത്താവിന് കാൻസർ രോഗബാധയുണ്ടായതിനെ തുടർന്ന് പകരക്കാരിയായിട്ടാണ് സിന്ധു ജോലി ചെയ്ത് കുടുംബം പോറ്റിവരുന്നത്.