കോവളം: അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാൻ സജ്ജമാക്കിയ ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസുകളുടെ കമ്മിഷനിംഗ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വിഴിഞ്ഞത്തിന് ' പ്രതീഷ ', വൈപ്പിന് ' പ്രത്യാശ ', ബേപ്പൂരിന് ' കാരുണ്യ ' എന്നീ മൂന്ന് ആംബുലൻസുകളാണ് സജ്ജമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട്, ബി.പി.സി.എൽ, കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയുള്ള 18.5 കോടി രൂപ ഉപയോഗിച്ചാണ് കൊച്ചിൻ ഷിപ്പ‌്‌യാർഡിൽ ആംബുലൻസുകൾ നിർമ്മിച്ചത്. ശീതീകരണസംവിധാനം, അപകടത്തിൽപ്പെട്ട് വെള്ളത്തിൽ കിടക്കുന്നവരെ ഉയർത്താനുള്ള തൊട്ടിൽ സമാനമായ ഉപകരണം, രക്ഷാപ്രവർത്തകർ, ഡെക്ക് ഹാൻഡ് അടക്കമുള്ള സാങ്കേതിക ജീവനക്കാർ, സ്‌ട്രെച്ചർ, അഞ്ച് മെഡിക്കൽ ബെഡ്, പ്രാഥമിക ചികിത്സയ്‌ക്കുള്ള ഉപകരണങ്ങൾ, ശീതീകരിച്ച മോർച്ചറി എന്നീ സംവിധാനവുമുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മറൈൻ ആംബുലൻസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 23 മീറ്റർ നീളമുള്ള ആംബുലൻസിന് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാവും.