ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ വൈകിയെന്ന് ആരോപിച്ച് അഞ്ചാം വാർഡിലെ രോഗികൾ പ്രതിഷേധിച്ചു. മൃതദേഹത്തിന് സമീപത്തുവച്ച് മറ്റ് രോഗികൾക്ക് ചായ നൽകിയെന്നും പരാതിയുണ്ട്. അഞ്ചാം വാർഡിൽ കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 5.30ഓടെയാണ് ബാലരാമപുരം സ്വദേശിനിയായ കൊവിഡ് രോഗി മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ മറ്റ് രോഗികൾ അധികൃതരെ സമീപിച്ചെങ്കിലും പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ മൃതദേഹം മാറ്റാൻ സാധിക്കുകയുള്ളൂവെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് മൃതദേഹം പൊതിഞ്ഞ് വാർഡിൽ തന്നെ സൂക്ഷിച്ചു. ഇതിനടുത്തായി രോഗികൾക്ക് രാവിലത്തെ ചായ വിതരണം ചെയ്‌തതോടെ പ്രതിഷേധം ശക്തമായി. മൃതദേഹം മാറ്റാതെ ഭക്ഷണം കഴിക്കില്ലെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നതോടെയാണ് 9ന് ശേഷം മൃതദേഹം വാർഡിൽ നിന്നു മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്. ശർമ്മദ് പറഞ്ഞു.